തീവണ്ടികളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ടീം കുറ്റിപ്പുറം റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിവേദനം നൽകി
കുറ്റിപ്പുറം: കോവിഡ് മൂലം നിർത്തിവെച്ചിരുന്ന തീവണ്ടികളുടെ സർവീസുകൾ പുനരാരംഭിച്ചപ്പോൾ കുറ്റിപ്പുറം സ്റ്റേഷനിൽ നിർത്തിയിരുന്ന തീവണ്ടികളുടെ സ്റ്റോപ്പ് എടുത്തുകളഞ്ഞ റെയിൽവേ അധികൃതരുടെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ടീം കുറ്റിപ്പുറം റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിവേദനം നൽകി. ഡൽഹിയിൽനിന്നുള്ള നിസാമുദീൻ വണ്ടിക്ക് കുറ്റിപ്പുറത്തെ സ്റ്റോപ്പ് ഒഴിവാക്കിയത് ദീർഘദൂര യാത്രികർക്ക് കനത്ത തിരിച്ചടിയാണ്. തിരുവനന്തപുരത്തേക്കുള്ള മലബാർ, മാവേലി എക്സ്പ്രസുകൾ നിർത്താത്തത് ആർ.സി.സി., ശ്രീചിത്ര തുടങ്ങിയ ആശുപത്രികളിലേക്കും സെക്രട്ടേറിയറ്റിലേക്കുമടക്കം പോകുന്നവരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
കുറ്റിപ്പുറത്തേക്കാൾ താരതമ്യേന ചെറുതും വരുമാനക്കുറവുമുള്ള സ്റ്റേഷനുകളിൽപ്പോലും ഈ തീവണ്ടികൾക്ക് സ്റ്റോപ്പുണ്ടെന്നിരിക്കെ കുറ്റിപ്പുറത്തെ സ്റ്റോപ്പുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും ടീം കുറ്റിപ്പുറം നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. ഫൈസൽ റഹ്മാൻ, ജാസിർ ചുള്ളിയിൽ, സതീഷ്കുമാർ തടത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഡിവിഷണൽ മാനേജർക്ക് നിവേദനം നൽകിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here