പുത്തൂർ -ചെനയ്ക്കൽ ബൈപ്പാസ്; വിദഗ്ധസമിതി അന്തിമറിപ്പോർട്ട് നൽകി, ഇനി വേണ്ടത് ഭൂമി ഏറ്റെടുക്കൽ
കോട്ടയ്ക്കൽ: കോട്ടയ്ക്കൽ പുത്തൂർ -ചെനയ്ക്കൽ ബൈപ്പാസിന്റെ മൂന്നാംഘട്ടനിർമാണത്തിന് ഇനി ഭൂമി ഏറ്റെടുക്കാം. സാമൂഹിക പ്രത്യാഘാതപഠനത്തിന്മേലുള്ള വിദഗ്ധസമിതിയുടെ അന്തിമറിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചതോടെയാണ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വഴിതെളിഞ്ഞത്. നഷ്ടപരിഹാരം, പുനരധിവാസം എന്നിവസംബന്ധിച്ച് ഭൂവുടമകളുമായി ജില്ലാഭരണകൂടം ധാരണയുണ്ടാക്കുകയാണ് അടുത്തപടി. 46 ഭൂവുടമകളുടെ പക്കലായി 5.75 ഏക്കർ സ്ഥലമാണ് മൂന്നാംഘട്ടനിർമാണത്തിന് ഏറ്റെടുക്കാനുള്ളത്. 16 മീറ്റർ വീതിയിൽ 1.55 കിലോമീറ്റർ നീളത്തിലാണ് റോഡ്.
മൂന്നാംഘട്ടത്തിന് 21.75 കോടി രൂപ ചെലവുവരും. രാജഗിരി ഔട്ട്‌റീച്ച് സർവീസ് സൊസൈറ്റി എന്ന ഏജൻസി പദ്ധതി സാമൂഹികാഘാതപഠനം നടത്തിയിരുന്നു. ഇതിന്മേൽ കളക്ടർ നിയോഗിച്ച വിദഗ്ധസമിതിയാണ് ഇപ്പോൾ അന്തിമവിലയിരുത്തൽ നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. കോട്ടയ്ക്കൽ ടൗണിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമുണ്ടാക്കുന്നതാണ് പുത്തൂർ -ചെനയ്ക്കൽ ബൈപ്പാസ്. മലപ്പുറം -കോട്ടയ്ക്കൽ റോഡിലെ പുത്തൂർ മുതൽ ദേശീയപാത 17-ലെ ചെനയ്ക്കൽ വരെയാണിത്. മലപ്പുറം ഭാഗത്തുനിന്ന് വരുന്നവർക്ക് ഈ ബൈപ്പാസ് വഴിപോയാൽ ദേശീയപാതയിലേക്ക് കടക്കാൻ രണ്ടരക്കിലോമീറ്റർ ലാഭിക്കാം. തിരുനാവായ, പുത്തനത്താണി ഭാഗങ്ങളിൽനിന്ന് മലപ്പുറം, മഞ്ചേരി, നിലമ്പൂർ ഭാഗങ്ങളിലേക്ക് പോകുന്നവർക്കും ഇത്രയുംദൂരം ലാഭിക്കാം.
പുത്തൂർ -ചെനയ്ക്കൽ ബൈപ്പാസിന്റെ നിർമാണനടപടികൾ സംബന്ധിച്ച് ആബിദ്ഹുസൈൻതങ്ങൾ എം.എൽ.എ. നിയമസഭയിൽ ചോദ്യമുന്നയിച്ചിരുന്നു. അന്തിമറിപ്പോർട്ട് കളക്ടർ വിലയിരുത്തി ശുപാർശചെയ്യുന്നമുറയ്ക്ക് തുടർനടപടികൾ വേഗത്തിലാക്കുമെന്ന് റവന്യുമന്ത്രി മറുപടിയും നൽകിയിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here