‘റൺ പെരിന്തൽമണ്ണ റൺ’; പെരിന്തല്‍മണ്ണ ഓടിക്കൊണ്ടുപറഞ്ഞത് ‘ഓടണം…ആരോഗ്യത്തിന്’
പെരിന്തല്‍മണ്ണ: പുലര്‍ച്ചെ അഞ്ചുമുതല്‍ പെരിന്തല്‍മണ്ണ നെഹ്രു സ്റ്റേഡിയത്തിലേക്ക് വെള്ളയും ഓറഞ്ചും ജഴ്‌സിയണിഞ്ഞെത്തിയവരുടെ ഒഴുക്കായിരുന്നു. വ്യായാമ സംസ്‌കാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഓടിക്കയറാന്‍ എത്തിയവര്‍. അവരില്‍ കുട്ടികളും പ്രായമായവരും സ്ത്രീകളുമടക്കം നാനാവിഭാഗക്കാരുണ്ടായി. അഞ്ചരയോടെ മഞ്ഞളാംകുഴി അലി എം.എല്‍.എ. ഫ്‌ലാഗ് ഓഫ് ചെയ്തതോടെ വിവിധ വിഭാഗത്തിലായി മാരത്തണിന്റെ ആവേശത്തിലേക്ക് പെരിന്തല്‍മണ്ണയുടെ പ്രഭാതം വഴിമാറി. സോള്‍സ് ഓഫ് പെരിന്തല്‍മണ്ണയാണ് ‘ബിസ്മി റണ്‍ പെരിന്തല്‍മണ്ണ റണ്‍’ എന്നപേരില്‍ അന്താരാഷ്ട്ര മാരത്തണ്‍ സംഘടിപ്പിച്ചത്. 2500 പേര്‍ വിവിധ വിഭാഗങ്ങളിലായി പങ്കെടുത്തു.
21 കിലോമീറ്റര്‍ പുരുഷന്മാരുടെ ഓപ്പണ്‍ വിഭാഗത്തില്‍ കെ. പ്രസാദ് ഒന്നാമതെത്തി. വിവേക് മുരളി രണ്ടാംസ്ഥാനം നേടി. വനിതാവിഭാഗത്തില്‍ സാന്ദ്ര ഒന്നാംസ്ഥാനവും സുകന്യ രണ്ടാമതുമെത്തി. 21 കിലോമീറ്റര്‍ വെറ്ററന്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ പി.സി. തോമസ് ഒന്നാംസ്ഥാനവും എന്‍.ടി. മനോഹരന്‍ രണ്ടാംസ്ഥാനവും നേടി. 10 കിലോമീറ്റര്‍ പുരുഷന്മാരുടെ ഓപ്പണ്‍ വിഭാഗത്തില്‍ ആദര്‍ശ് ഒന്നാംസ്ഥാനവും വി. മുഹമ്മദ് അബ്രാര്‍ രണ്ടാംസ്ഥാനവും നേടി. വനിതാവിഭാഗത്തില്‍ അഞ്ജു റോസ് ഒന്നാംസ്ഥാനവും ഗീതു രണ്ടാംസ്ഥാനവും നേടി. 10 കിലോമീറ്റര്‍ ഡ്വാര്‍ഫ് വിഭാഗത്തില്‍ കെ.ടി. നിതിന്‍ ഒന്നാംസ്ഥാനവും ക്രിസ്റ്റി ജോസ് രണ്ടാംസ്ഥാനവും നേടി. 10 കിലോമീറ്റര്‍ വെറ്ററന്‍ പുരുഷന്മാരില്‍ സാബു പോള്‍ ഒന്നാംസ്ഥാനവും ടി. ബാലകൃഷ്ണന്‍ രണ്ടാംസ്ഥാനവും നേടി. വനിതാവിഭാഗത്തില്‍ രാജം ഗോപി ഒന്നാംസ്ഥാനവും ഡോ. ഫെബിന സീതി രണ്ടാംസ്ഥാനവും നേടി.
മഞ്ഞളാംകുഴി അലി എം.എല്‍.എ, നഗരസഭാധ്യക്ഷന്‍ എം. മുഹമ്മദ് സലീം, ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.എസ്. ബിനു എന്നിവര്‍ വിവിധ വിഭാഗങ്ങളുടെ മത്സരങ്ങള്‍ ഫ്‌ലാഗ്ഓഫ് ചെയ്തു. അഞ്ചരയോടെ തുടങ്ങിയ മത്സരം എട്ടുമണിയോടെ സ്റ്റേഡിയത്തില്‍ സമാപിച്ചു. മത്സരവിജയികള്‍ക്ക് രണ്ടുലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നല്‍കി. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ മാരത്തണിന്റെ ഭാഗമായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here