മണ്ണുമാന്തിയന്ത്രം തട്ടി; കുറ്റിപ്പുറം പാലം കമാനത്തിന്റെ ബീമുകൾ പൊട്ടി
കുറ്റിപ്പുറം : ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്ന മണ്ണുമാന്തിയന്ത്രം തട്ടി കുറ്റിപ്പുറം പാലം കമാനത്തിന്റെ ബീമുകൾ പൊട്ടി. വെള്ളിയാഴ്ച രാവിലെ 11.30-നാണ് സംഭവം. പാലത്തിന്റെ ഒന്നാം കമാനത്തിന്റെ മുകളിലെ രണ്ട് ബീമുകളാണ് പൊട്ടിയത്. ആറുവരിപ്പാത നിർമ്മാണം കരാറെടുത്ത കെ.എൻ.ആർ.സി.എൽ. കമ്പനിയുടെ ഹിറ്റാച്ചി വാഹനം ലോറിയിൽ കയറ്റിപ്പോകുന്നതിനിടെ ഹിറ്റാച്ചിയുടെ ഉയർന്ന ഭാഗം ബീമുകളിൽ തട്ടുകയായിരുന്നു. അപകടത്തെത്തുടർന്ന് ബീമുകളുടെ ഒരു ഭാഗം തകർന്നുവീണു. കമാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങൾക്കും വിള്ളലുണ്ടായി. അപകടസമയത്ത് അതുവഴി ബൈക്കിൽ വന്ന കലാകാരൻ ഇടവേള റാഫി ബീമിന്റെ കോൺക്രീറ്റ് ഭാഗം താഴേക്ക് പതിക്കുന്നതിനിടയിൽ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്.
അപകടത്തെ തുടർന്ന് അരമണിക്കൂറോളം പാലത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പൊട്ടിയ ബീമുകൾ പെട്ടെന്ന് താഴേക്ക് പതിക്കാനുള്ള സാധ്യതയില്ലെന്ന വിലയിരുത്തലിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പോലീസ് പിന്നീട് പുനഃസ്ഥാപിച്ചു. വേഗത്തിൽ ബീമുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യാമെന്ന് കമ്പനി അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here