കുഴിബോംബല്ല: കുറ്റിപ്പുറത്ത് കണ്ടെടുത്തത് ഡയറക്ഷണല്‍ ബോംബ്
കുറ്റിപ്പുറം പാലത്തിനുസമീപം കണ്ടെത്തിയത് കുഴിബോംബല്ലെന്നും ഡയറക്ഷണല്‍ ബോംബാണെന്നും പൊലീസ്. കുഴിബോംബ് ഭൂമിക്കടിയില്വച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നതെങ്കില്‍ ഡയറക്ഷണല്‍ ബോംബ് മരത്തിന്റെയോ കെട്ടിടങ്ങളുടെയോ വാഹനങ്ങളുടെയോ മുകളില്‍ ഘടിപ്പിച്ചശേഷം റിമോട്ടിന്റെ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാനാകും. കുഴിബോംബ് സ്ഥാപിച്ച സ്ഥലത്തുകൂടി ശത്രുക്കള്‍ സഞ്ചരിക്കുമ്പോഴാണ് പ്രവര്‍ത്തിപ്പിക്കുന്നതെങ്കില്‍, ഡയറക്ഷണല്‍ ബോംബ് ശത്രുക്കള്‍ അഭിമുഖമെത്തുമ്പോള് പ്രവര്‍ത്തിപ്പിക്കാനാകും. കുറ്റിപ്പുറത്ത് കണ്ടെത്തിയ ബോംബുകള്‍ മിലിട്ടറി, ബിഎസ്എഫ്, സിആര്‍പിഎഫ് തുടങ്ങിയ സേനകളാണ് ഉപയോഗിക്കുന്നത്. കുഴിബോംബുകളെപ്പോലെതന്നെയാണ് ഇവയുടെ പ്രഹരശേഷി. 50 മീറ്റര്‍ അകലെവരെയുള്ള ശത്രുക്കളെ വകവരുത്താനും 250 മീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് മാരകമായി പരിക്കേല്‍പ്പിക്കാനും കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കുറ്റിപ്പുറത്തുനിന്ന് കണ്ടെത്തിയ ഡയറക്ഷണല്‍ ബോംബ് സൈന്യത്തിന് അനുവദിച്ചതാണെന്ന് കോയമ്പത്തൂരില്‍നിന്നെത്തിയ എന്‍എസ്ജി സംഘവും സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബ് സൂക്ഷിച്ച സഞ്ചിയും ലോട്ട് നമ്പറും പരിശോധിച്ച് ഇവ ഏത് കേന്ദ്രത്തിലേക്കാണ് വിതരണംചെയ്തതാണെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചറിയാനാകും. ഇത് ചണ്ഡീഗഢില്‍ നിര്‍മിച്ചതാണെന്നും വ്യക്തമായിട്ടുണ്ട്.
സൈന്യം ഉപയോഗിക്കുന്ന ബോംബ് കുറ്റിപ്പുറത്തെത്തിയത് സംബന്ധിച്ച അന്വേഷണം ഉയര്‍ന്ന മിലിട്ടറി ഉദ്യോഗസ്ഥരിലേക്കും നീളാന്‍ സാധ്യതയുണ്ട്. മലേഗാവ് സ്ഫോടനത്തില്‍ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണിത്. മാവോയിസ്റ്റുകളുടെ പങ്കും പൊലീസ് തള്ളിക്കളയുന്നില്ല. സാധാരണയായി മിലിട്ടറി വിഭാഗത്തിന് അനുവദിക്കുന്ന യുദ്ധോപകരണങ്ങള്‍ നിശ്ചിത കാലയളവില്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ബിഎസ്എഫ്, സിആര്‍പിഎഫ് സേനകള്‍ക്ക് കൈമാറുകയാണ് പതിവ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മാവോവാദി സംഘങ്ങള്‍ സൈനിക ക്യാമ്പുകള്‍ ആക്രമിച്ച് കൈവശപ്പെടുത്തിയ ബോംബ് കൈമാറി ഇവിടെയെത്തിയതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. വരുംദിവസങ്ങളില്‍ പൊലീസിന്റെയും മിലിട്ടറി ഉള്‍പ്പെടെയുള്ള സേനകളുടെയും ഉന്നത ഉദ്യോഗസ്ഥരും യുദ്ധോപകരണ മേഖലയിലെ വിദഗ്ധരും മലപ്പുറത്തെത്തും.
കണ്ടെത്തിയ ഡയറക്ഷണല്‍ ബോംബ് നിലവില്‍ മലപ്പുറം മേല്‍മുറി എആര്‍ ക്യാമ്പില്‍ കനത്ത പൊലീസ് സുരക്ഷയില്‍ സൂക്ഷിച്ചിരിക്കയാണ്. പരിശോധന പൂര്‍ത്തിയാക്കിയശേഷമേ ഇവ നിര്‍വീര്യമാക്കുകയുള്ളൂ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here