കുറ്റിപ്പുറം പാലത്തിന് താഴെ കണ്ടെത്തിയത് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു
കുറ്റിപ്പുറം ∙ ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിന് അടിയിൽ കണ്ടെത്തിയത് ഉഗ്രശേഷിയുള്ള ‘ക്ലെമോർ മൈനുകൾ’. വിവിധ രാജ്യങ്ങൾ സൈനിക ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്ന തരത്തിലുള്ള സ്ഫോടക വസ്തുവാണിത്. കുറ്റിപ്പുറത്തുനിന്നു കണ്ടെത്തിയത് ഏതു രാജ്യത്തിന്റേതാണെന്നതിൽ വ്യക്തതയായിട്ടില്ല. മിലിട്ടറി ഉദ്യോഗസ്ഥരുടെയും എൻഎസ്ജി സംഘത്തിന്റെയും പരിശോധനയ്ക്കുശേഷമേ വ്യക്തത കൈവരൂ.
Read more : കുറ്റിപ്പുറം മിനി പമ്പയ്ക്ക് സമീപം കുഴിബോംബ് കണ്ടെടുത്തു
ബോംബുകൾക്ക് സമീപത്തായി കണ്ടെത്തിയ ബാഗുകളിൽ രേഖപ്പെടുത്തിയ സീരിയൽ നമ്പറുകൾ അനുസരിച്ച് ഇവ 1990ൽ നിർമിച്ചതാണിതെന്നു സംശയിക്കുന്നു. ഓരോന്നിനും പ്രത്യേകം കാരിബാഗുകളുണ്ട്. ഇതെല്ലാം ഇന്ത്യൻ ആർമിയുടേതുമായി സാദൃശ്യമുള്ളതാണ്. ഒരു ബോംബിന് 20 ചതുരശ്ര അടി വിസ്തീർണത്തിൽ നശീകരണ ശക്തിയുണ്ട്. 20 വർഷമാണ് സ്ഫോടനശേഷിയുടെ കാലാവധി. കാലാവധിക്കു ശേഷവും പ്രവർത്തിച്ചേക്കാം.
ബോക്സിനുള്ളിൽ പേസ്റ്റ് രൂപത്തിലുള്ളതാണ് സ്ഫോടകവസ്തു. പ്രത്യേക വിദൂര നിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുക. കെട്ടിടങ്ങളും അതിർത്തിയിലെ മറ്റു സംവിധാനങ്ങളും തകർക്കുന്നതിനാണ് സൈന്യം ഇത്തരം ബോംബുകൾ ഉപയോഗിക്കുന്നതെന്ന് ഇന്ത്യൻ ആർമിയിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒരുതരത്തിലും ഇതു സൈനിക ക്യാംപിന് പുറത്തെത്താറില്ലെന്നും വ്യക്തമാക്കുന്നു.
ഭാരതപ്പുഴയിൽ കണ്ടെത്തിയ സ്ഫോടക വസ്തുക്കൾക്ക് കുറ്റിപ്പുറം പാലം തകർക്കാനുള്ള ശേഷിയുണ്ട്. മിലിട്ടറി ആക്രമണങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന ഇത്തരം ബോംബുകൾ പുഴയിൽ എങ്ങനെ എത്തി എന്നതിനെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. സംഭവത്തെ തുടർന്ന് ആഭ്യന്തരവകുപ്പിലെ വിവിധ വിഭാഗങ്ങൾ ഭാരതപ്പുഴയിൽ പരിശോധനയ്ക്കെത്തി. തൃശൂരിൽനിന്നുള്ള സയന്റിഫിക് വിഭാഗവും മലപ്പുറത്തുനിന്നുള്ള ബോംബ്–ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ബോംബുകൾ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏതാനും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here