മേലാറ്റൂരിൽ കാണാതായ ഒൻപതുകാരന്റേത് കൊലപാതകം; പ്രളയത്തിനിടെ കൊന്ന് പുഴയിൽ തള്ളി
മേലാറ്റൂർ: എടയാറ്റൂരിൽനിന്നു കാണാതായ ഒൻപതുവയസ്സുകാരനെ കൊന്ന് പ്രളയസമയത്ത് കടലുണ്ടിപ്പുഴയിൽ തള്ളിയതെന്നു കണ്ടെത്തൽ. കുട്ടിയുടെ പിതാവിന്റെ സഹോദരനെ പൊലീസ് പിടികൂടിയതായി സൂചന. രണ്ടാഴ്ച മുൻപാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനു കുട്ടിയെ തന്ത്രപൂർവം ആനക്കയത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
കുട്ടിയെ കാണാനില്ലെന്ന വിവരം മാധ്യമങ്ങളിൽ വന്നതോടെ ഭയന്ന ഇയാൾ കുട്ടിയെ കൊലപ്പെടുത്തി കടലുണ്ടിപ്പുഴയിൽ തള്ളുകയായിരുന്നെന്നാണു സൂചന. കനത്ത മഴയും ഉരുൾപൊട്ടലുംമൂലം കരകവിഞ്ഞൊഴുകിയ കടലുണ്ടിപ്പുഴയുടെ തീരത്തുനിന്ന് കുട്ടിയുടെ ബാഗും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. വീണ്ടും ജലനിരപ്പുയർന്നതോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ദിവസങ്ങളോളം നാട്ടുകാരെ പ്രത്യേകിച്ച് എടയാറ്റൂർ ഗ്രാമവാസികളെ മുഴുവൻ സങ്കടത്തിലും പ്രാർത്ഥനയിലും ആക്കിയ ഷഹീൻമോന്റെ തിരോധാനത്തിന് കൂടുതൽ ദുഖത്തോടെ കറുത്ത തിരശ്ശീല വീണു.
കുട്ടിയുടെ പിതാവും ജ്യേഷ്ഠസഹോദരനും തമ്മിലുണ്ടായിരുന്ന സാമ്പത്തിക – സ്വത്തു തർക്കത്തിൽ കുട്ടിയെ തട്ടിയെടുത്ത് വിലപേശുകയായിരുന്നു പ്രതിയുടെ ലക്ഷ്യം എന്നാൽ കുട്ടിയുടെ തിരോധാനം വിഷയമായതോടുകൂടി പ്രതി തെളിവു നശിപ്പിക്കാനായി കുട്ടിയെ കൊലപ്പെടുത്തി പുഴയിലെറിയുകയായിരുന്നു.കുട്ടിയുമായി പെരിന്തൽമണ്ണ ബൈപ്പാസിലൂടെ ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യം സി സി ടിവി യിൽ പതിഞ്ഞത് മുഖ്യ തെളിവായി. മൃതദേഹം പുഴയിലെറിഞ്ഞതിനു ശേഷം വൻ പ്രളയം ഉണ്ടായതിനാൽ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല – പോലീസും ഫയർഫോഴ്സും നാട്ടുകാരും മഞ്ചേരി ആനക്കയം പാലത്തിന് സമീപം തെരച്ചിൽ തുടരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here