വിവാഹതലേന്ന് ഫസീല മഴനനഞ്ഞത് ദുരിതപെയ്ത്തില്‍ വിറങ്ങലിച്ചവര്‍ക്ക് കുടചൂടാന്‍
ദേശീയപാതയില്‍ വട്ടപ്പാറക്ക് മുകളില്‍ ഫസീലയും സുഹൃത്തുക്കളും രാവിലെ മുതല്‍ ബക്കറ്റുമായി കൈനീട്ടുകയായിരുന്നു. ദുരിതപെയ്ത്തില്‍ എല്ലാം നഷ്ട്ടപ്പെട്ട നിസ്സഹായര്‍ക്ക് വേണ്ടി. രാവിലെ തുടങ്ങിയ ചാറ്റല്‍മഴ ഇടക്കിടക്ക് കോരിചൊരിഞ്ഞപ്പോഴും ഇവര്‍ പിന്‍മാറിയില്ല.
അറിയുന്നവരുടേയും ഒരിക്കല്‍പോലും നേരിട്ട് കാണാത്തവരുടേയും ഇനിയൊരിക്കലും കാണാന്‍ വഴിയില്ലാത്തവരുടേയും ഇതരസംസ്ഥാനക്കാരുടേയുമൊക്കെ സ്‌നേഹം ചെറിയ തുകയായി ബക്കറ്റിലെത്തുമ്പോള്‍ അവരൊന്നുമറിഞ്ഞില്ല. രാവിലെ തുടങ്ങിയ ആ നൃത്തം വൈകുന്നേരം 6 മണിവരെ തുടര്‍ന്നു. പേമാരി തകര്‍ത്ത ജീവിതസ്വപ്‌നങ്ങള്‍ക്ക് നിറം പിടിപ്പിക്കാന്‍ അങ്ങിനെ അവര്‍ സമാഹരിച്ചത് 82350 എന്ന മോശമല്ലാത്ത സംഖ്യയാണ്.
സ്റ്റുഡന്‍സ് ഇനീഷ്യേറ്റീവ് പാലിയേറ്റീവ് (എസ് ഐ പി) കുട്ടികളാണ് ദുരിതപെയ്ത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്നവര്‍ക്കായി കുടചൂടി നിന്നത്. എസ് ഐ പി വളണ്ടിയര്‍ ടീമിലെ സജീവ അംഗമായ പൈങ്കണ്ണൂര്‍ അബൂദാബിപടി സ്വദേശി ഫസീലയുടെ വിവാഹമാണ് അടുത്ത ദിവസം. തിരക്കുകളും ഒരുക്കങ്ങളും മാറ്റിവെച്ചാണ് ആ കുട്ടി സ്‌നേഹപാത്രവുമായി കൈനീട്ടി നിന്നത്. സുഹൃത്തുക്കളായ പത്തോളം കുട്ടികള്‍ കൂട്ടിനുണ്ടായിരുന്നു.
എസ് ഐ പി കുട്ടികളെ രംഗത്തിറക്കി ഈ ഉദ്യമത്തിന് ആശയം പകര്‍ന്നത് സുഹൃത്ത് അയ്യൂബ് ആലുക്കലായിരുന്നു. വളാഞ്ചേരി കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിലേക്ക് വേണ്ടിയാണ് ഈ പണം സമാഹരിച്ചത്. പള്ളികളില്‍ നിന്നും ടൗണില്‍ നിന്നുമൊക്കെയായി രണ്ട് ലക്ഷത്തിലധികം രൂപയാണ് ഇതുവരെ സമാഹരിച്ചത്. കൂട്ടായ്മയുടെ കണ്‍വീനര്‍ ഡോ എന്‍ എം മുജീബ് റഹ്‌മാൻ ഉള്‍പ്പെടെ നിരവധി പേരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here