ചങ്കുവെട്ടിയിൽ ബസ്സുകൾ നിർത്തുന്നത് സീബ്രാ ലൈനിനു മുകളിൽ; നിയമങ്ങൾക്ക് പുല്ലുവില
ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരും വിദ്യാർത്ഥികളും കടന്നു പോകുന്ന ദേശീയപാത ചങ്കുവെട്ടിയിൽ ബസ്സുകൾ യാത്രക്കാരെ കയറ്റുന്നത് സീബ്രാലൈനിനു മുകളിലിട്ട്.ഇതോടെ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളിൽ നിന്നും അപ്പുറം കടക്കാൻ യാത്രക്കാർ വേറെ വഴി കണ്ടെത്തേണ്ട ഗതികേടിലായി.
ദീർഘദൂര സ്വകാര്യ ബസ്സുകൾ മുതൽ കെ.എസ് .ആർ.ടി.സിയും ലോഫ്ളോറുമെല്ലാം ആളെ കയറ്റുന്നത് സീബ്രാലൈനിലിട്ടു തന്നെ. സീബ്രാലൈനുകളിലൂടെ യാത്രക്കാർ സഞ്ചരിക്കുമ്പോൾ വാഹനങ്ങൾ നിർത്തി നൽകണമെന്നതാണ് നിയമം. എന്നാൽ ജീവൻ പണയം വെച്ചാണ് ചീറിപ്പാഞ്ഞടുക്കുന്ന വാഹനങ്ങൾക്കിടയിലൂടെ മറുപുറം കടക്കുന്നത്. പ്രായമായവർ മുതൽ കൈക്കുഞ്ഞുമായി എത്തുന്നവർ പോലും വാഹന ഡ്രൈവർന്മാരുടെ കനിവിനായി കാത്തുകിടന്നാണ് അപ്പുറത്തെത്തുന്നത്.
മാസങ്ങൾക്ക് മുൻപ് സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടയിൽ വിദ്യാർത്ഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവം നഗരത്തിലെ ഓട്ടോ ഡൈവർന്മാർ ഓർത്തെടുക്കുന്നു.സീബ്രാ ലൈനിന്റെ നിയമ പരിരക്ഷയെ സംബന്ധിച്ച് വലിയൊരു ശതമാനം ജനങ്ങൾ ഇന്നും അജ്ഞരാണ്. ഗതാഗത നിയമലംഘനങ്ങൾ കൺമുൻപിൽ വലിയ അപകടത്തിലേക്ക് വിരൽചൂണ്ടുമ്പോൾ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ ഇതൊന്നും കണ്ടില്ലെന്ന മട്ടാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here