നാല്‍പ്പതുവര്‍ഷങ്ങള്‍ക്കിപ്പുറം ‘തമ്പി‘ന്റെ ഓര്‍മകളില്‍ നിളാതീരത്ത് വീണ്ടും കൂടാരമൊരുങ്ങുന്നു
തിരുനാവായ : തമ്പിന്റെ ഓര്‍മകള്‍ നാല്‍പ്പതുവര്‍ഷങ്ങള്‍ക്കിപ്പുറം തിരുനാവായയില്‍ വീണ്ടും കൂടാരമൊരുക്കുകയാണ്. മാര്‍ച്ചില്‍ നിളയുടെ തീരത്ത് ജി. അരവിന്ദന്റെ തമ്പ് സിനിമയുടെ സഹപ്രവര്‍ത്തകരെല്ലാം വീണ്ടും ഒത്തുകൂടുന്നു.
വെറുമൊരു ഒത്തുകൂടലിനപ്പുറം വര്‍ഷങ്ങള്‍ക്കുമുമ്പ് സിനിമയ്ക്ക് ജീവന്‍പകര്‍ന്ന ഭാരതപ്പുഴ ഇന്നില്ല എന്ന തിരിച്ചറിവാണ് ഈ കൂട്ടായ്മയുടെ പ്രാധാന്യമെന്ന് തമ്പിലൂടെ സിനിമയിലെത്തിയ വി.കെ. ശ്രീരാമന്‍. ആര്യവൈദ്യശാല ചാരിറ്റബിള്‍ ഹോസ്പിറ്റലിലെ ചികിത്സയ്ക്കിടയിലും വാര്‍ഷികാഘോഷത്തിനായുള്ള തയ്യാറെടുപ്പുകളിലാണ് അദ്ദേഹം. നെടുമുടി വേണുവടക്കം തമ്പിലെ കലാകാരന്മാരെ ഉള്‍പ്പെടുത്തിയുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിട്ടുണ്ട്.
സിനിമയുടെ ഷൂട്ടിങ് നടക്കുന്ന കാലഘട്ടവും പിന്നീട് 25-ാമതും 30-ാമതും വാര്‍ഷികം നടക്കുമ്പോഴും നിളയില്ലാതാവുന്നത് നേരില്‍ കാണാമായിരുന്നുവെന്ന് ശ്രീരാമന്‍ പറഞ്ഞു. നിളയുടെ തീരത്തുള്ളതെല്ലാം വികസിച്ചപ്പോള്‍ നിളയില്ലാതെയായി.
നദിയുടെ നാശം സംസ്‌കാരമില്ലാത്ത മനുഷ്യരുടെ അടയാളപ്പെടുത്തലാണ്. പുഴയുടെ മരണത്തെക്കുറിച്ചുള്ള എഴുത്തുകളിലൂടെയുള്ള വിലാപം അവസാനിപ്പിക്കേണ്ട കാലമായി. കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാറിമാറി അധികാരത്തില്‍ വന്നാലും ഇങ്ങനെയുള്ള വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്നില്ല എന്നത് സങ്കടകരമാണ്.
സിനിമാക്കാര്‍ ലൊക്കേഷന്‍ ഉപയോഗിച്ചുപോവുന്നു എന്നതിലപ്പുറം സിനിമാ പ്രവര്‍ത്തകര്‍ക്ക് സമൂഹത്തിനോട് പ്രതിബദ്ധതയുണ്ടാവണം. സമൂഹത്തോടുള്ള ഇഴചേര്‍ന്ന അടുപ്പം ഇന്ന് പല കലാകാരന്മാര്‍ക്കും ഇല്ല. ഇത്തരം പ്രശ്‌നങ്ങളിലേക്ക് സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുക എന്നതു തന്നെയാണ് തമ്പിന്റെ വാര്‍ഷികാഘോഷം നടത്തുന്നതിന്റെ ഉദ്ദേശ്യം. അരവിന്ദന്റെ ഭാര്യ ലീലാ അരവിന്ദന്‍, മകന്‍ രാമു, ശ്രീധരന്‍ ചമ്പാട് തുടങ്ങിയവര്‍ പങ്കെടുക്കും. കാവാലം ശ്രീകുമാറിന്റെ കച്ചേരിയും ഉണ്ടാവും.
തമ്പിന്റെ കഥയിങ്ങനെ
1977 ഡിസംബറിലാണ് തമ്പിന്റെ ചിത്രീകരണം തിരുനാവായയില്‍ നിളയോരത്ത് നടക്കുന്നത്. ഗ്രാമവുമായി ബന്ധപ്പെട്ട ഒരു ഡോക്യുഫിക്ഷനാണ് തമ്പ്. എഴുത്തുകാരും ചിത്രകാരന്മാരും അടങ്ങുന്ന കൂട്ടായ്മയാണ് അരവിന്ദന്‍ ചിത്രങ്ങളുടെ പ്രത്യേകത.
ചര്‍ച്ചകളും പാട്ടുമായി ഒരുമാസം നിളയോരത്ത് നീണ്ടുനിന്ന ആഘോഷമായിരുന്നു തമ്പ്. പ്രസവിച്ചുവീണ സ്ഥലം പോലെയാണ് ആദ്യസിനിമ ചെയ്ത സ്ഥലം.
നെടുമുടി വേണുവിന്റേയും ജലജയുടേയും തന്റെയും ആദ്യസിനിമയാണ്. ഭരത്‌ഗോപിയുടെ രണ്ടാമത്തേതും. അന്നുണ്ടായിരുന്നവരില്‍ പലരും ഇന്നില്ല. എങ്കിലും ഈ ഒത്തുകൂടല്‍ സന്തോഷകരമാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here