വളാഞ്ചേരി, ഇരിമ്പിളിയം പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി
കോട്ടക്കൽ: നിയോജക മണ്ഡലത്തിലെ വളാഞ്ചേരി നഗരസഭയിലേയും ഇരിമ്പിളിയം പഞ്ചായത്തിലേയും പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയതായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. എം.എൽ.എ ആരോഗ്യ വകുപ്പ് മന്ത്രിക്ക് നൽകിയ ശുപാർശ പ്രകാരം ആർദ്രം പദ്ധതിയിലുൾപ്പെടുത്തിയാണ് വളാഞ്ചേരി, ഇരിമ്പിളിയം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്. ഇതോടെ കോട്ടക്കൽ നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി. ആദ്യഘട്ടത്തിൽ പൊന്മള,എടയൂർ, പഞ്ചായത്തുകളിലേയും രണ്ടാം ഘട്ടത്തിൽ കോട്ടക്കൽ നഗരസഭയിലേയും മാറാക്കര പഞ്ചായത്തിലേയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് പദ്ധതിയിലുൾപ്പെടുത്തി നാടിന് സമർപ്പിച്ചത്. മൂന്നാം ഘട്ടത്തിലാണ് വളാഞ്ചേരി നഗരസഭയിലേയും ഇരിമ്പിളിയം പഞ്ചായത്തിലേയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ‘ആർദ്രം’ പദ്ധതിയിലുൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്.
എൻ.ആർ.എച്ച്.എം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എച്ച്.എം.സി എന്നിവയുടെ സഹായത്തോടെയാണ് പദ്ധതിയിലുൾപ്പെടുത്തിയ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തും. രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ ഒ.പി (ഔട്ട് പേഷ്യന്റ്) സൗകര്യം, കൂടുതൽ ഡോക്ടർമാരുടെ സേവനം, രോഗീ സൗഹൃദ അന്തരീക്ഷം, ഒ.പി. വിഭാഗത്തിൽ മികച്ച ആധുനിക ടോക്കൺ സംവിധാനം, കുടിവെള്ള സൗകര്യം, മെച്ചപ്പെട്ട ഇരിപ്പിട സൗകര്യങ്ങൾ, മാർഗരേഖ അടിസ്ഥാനപ്പെടുത്തിയുള്ള മെച്ചപ്പെട്ട ചികിത്സ, ഭിന്നശേഷിയുള്ളവർക്കും വയോജനങ്ങൾക്കും സൗഹൃദപരമായ സൗകര്യങ്ങൾ, അവശ്യമരുന്നുകളുടെ ലഭ്യത തുടങ്ങിയസൗകര്യങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയആരോഗ്യ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുക.
പദ്ധതി എത്രയും വേഗം ആരംഭിക്കുന്നതിന് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here