HomeNewsIncidentsകരിപ്പൂർ വിമാനത്താവളത്തിലെ റൺവേയോട‌് ചേർന്ന ചുറ്റുമതിൽ തകർന്നു

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയോട‌് ചേർന്ന ചുറ്റുമതിൽ തകർന്നു

calicut-airport

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയോട‌് ചേർന്ന ചുറ്റുമതിൽ തകർന്നു

കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയോട‌് ചേർന്നുളള രണ്ട‌് ചുറ്റുമതിൽ തകർന്നു. കുട്ടാലുങ്ങൽ പൂക്കുത്ത‌് ഭാഗത്ത‌് നാൽപതോളം മീറ്റർ നീളത്തിലാണ‌് മതിൽ തകർന്നത‌്. ഇതോടെ താഴ‌്ന്ന പ്രദേശത്തുള്ള എട്ട‌് വീടുകൾ ഭീഷണിയിലായി.
ഞായറാഴ‌്ച പകൽ രണ്ടരയോടെയാണ‌് സംഭവം. റൺവേ വികസനവുമായി ബന്ധപ്പെട്ട‌് മതിലിനോട‌് ചേർന്ന‌് മണ്ണ‌് നീക്കിയിരുന്നു. ഇവിടെ രണ്ട‌് കുഴികൾ രൂപപ്പെട്ടിരുന്നു. കനത്ത മഴയിൽ കുഴി നിറഞ്ഞ‌് വെള്ളം കുത്തിയൊലിച്ചതാണ‌് മതിൽ തകരാൻ കാരണമായത‌്. റൺവേയുടെ കോമ്പൗണ്ട‌് മതിലും റൺവേയുടെ 150 മീറ്റർ അകലത്തിൽ കെട്ടിപ്പൊക്കിയ മതിലുമാണ‌് ഒരേസമയം തകർന്ന‌് വീണത‌്.
തൊട്ടിയിൽ സെയ‌്ത‌്, നമ്പോല നാസർ, സീനത്ത‌് തൊട്ടിയിൽ, അലവി ചോങ്ങോടൻ, ഷബീറലി, കെ കെ ജംഷീർ, കെ കെ റഷീദ് പാലക്കാപറമ്പിൽ എന്നിവരുടെ വീടുകളാണ‌് ഭീഷണിയിലുള്ളത‌്. സെയ‌്തിന്റെ കിണർ കല്ലും മണ്ണും ഒലിച്ചിറങ്ങി ഉപയോഗശൂന്യമായി. കിണർ പൂർണമായും മൂടിയ അവസ്ഥയിലാണ‌്. നാസറിന്റെ വാഴകൃഷിയും പൂർണമായും നശിച്ചു. അശാസ‌്ത്രീയ രീതിയിലാണ‌് രണ്ട‌് ചുറ്റുമതിലും കെട്ടിപ്പൊക്കിയത‌്. കഴിഞ്ഞ കാലവർഷത്തിലും ഈ മതിൽ തകർന്നിരുന്നു. വെള്ളം ഒഴുകിപ്പോകാൻ ഡ്രൈനേജ‌് സംവിധാനം പോലും ഒരുക്കിയിട്ടില്ല. എയർപോർട്ട‌് ഡയറക്ടറും പൊലീസുദ്യോഗസ്ഥരും സ്ഥലത്തെത്തി. വെള്ളം ഒഴുകിപ്പോകുന്നതിന‌് ഡ്രൈനേജ‌് നിർമിക്കാനുള്ള സംവിധാനം ഒരുക്കി. ജെസിബി എത്തിച്ച‌് കല്ലും മണ്ണും നീക്കിത്തുടങ്ങി.
ആഭ്യന്തര സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ താമസിക്കുന്ന ക്വാർട്ടേഴ‌്സിൽനിന്ന‌് മലിനജലം പുറത്തേക്കൊഴുക്കുന്നതും പരിസരത്തെ കുടുംബങ്ങൾക്ക‌് പ്രതിസന്ധി സൃഷ‌്ടിക്കുന്നുണ്ട‌്. പലരുടെയും വീടിന്റെ മുറ്റത്തും പറമ്പിലും മലിനജലം കെട്ടിക്കിടക്കുകയാണ‌്. കിണറും മലിനമാകുന്നതായി പ്രദേശവാസികൾ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!