കുറ്റിപ്പുറം പഞ്ചായത്തിൽ കോൺഗ്രസ്-ലീഗ് ബന്ധം വഷളാകുന്നു
കുറ്റിപ്പുറം: യുഡിഎഫ് ഭരിക്കുന്ന കുറ്റിപ്പുറം പഞ്ചായത്തിൽ കോൺഗ്രസ്–മുസ്‌ലിം ലീഗ് ബന്ധം കൂടതൽ വഷളാകുന്നു. പ്രഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഉടലെടുത്ത കോൺഗ്രസ്–ലീഗ് തർക്കം ജലനിധി വിഷയത്തെ തുടർന്ന് കൂടുതൽ രൂക്ഷമാവുകയാണ്. ജലനിധി പദ്ധതിയുടെ കരാറുകാരനിൽനിന്നു മുസ്‌ലിം ലീഗ് നേതാക്കൾ കൈക്കൂലി ആവശ്യപ്പെട്ടതായി ദിവസങ്ങൾക്ക് മുൻപ് കോൺഗ്രസ് ആരോപിച്ചിരുന്നു. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചവർക്കെതിരെ മാനനഷ്ടക്കേസ് നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതായി ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ സയ്യിദ് ലുക്മാൻ തങ്ങൾ പറഞ്ഞു.
കഴിഞ്ഞദിവസം കുറ്റിപ്പുറം പഞ്ചായത്ത് ഓഫിസിൽ നടന്ന ജലനിധി അവലോകന യോഗത്തിലാണ് മുസ്‌ലിം ലീഗിനെതിരെ കടുത്ത ആരോപണങ്ങളുമായി കോൺഗ്രസും സിപിഎമ്മും രംഗത്തെത്തിയത്. ഇനിയും നിർമാണം പൂർത്തീകരിക്കാത്ത ജലനിധി പദ്ധതിക്ക് ലീഗ് ഇടപെട്ട് പണം അനുവദിച്ചതിനെതിരെയാണ് ഇരു പാർട്ടികളും രംഗത്തെത്തിയത്. കോൺഗ്രസ് ഉൾപ്പെട്ട ഭരണസമിതി യോഗത്തിൽ കരാറുകാരന് ഉടൻ പണം നൽകേണ്ടെന്ന് തീരുമാനിച്ചിരുന്നു.
എന്നാൽ തീരുമാനത്തിന് വിഭിന്നമായി പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഒപ്പുവച്ച 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയായിരുന്നു. അവലോകന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവർ ഇത് ചോദ്യം ചെയ്തിരുന്നു. അഴിമതി ആരോപണം ഉയർന്നതോടെ യോഗത്തിൽനിന്നു ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ലുക്മാൻ തങ്ങൾ ഇറങ്ങിപ്പോയി. പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി ഓഫിസിലേക്ക് എയർ കണ്ടിഷണർ ആവശ്യപ്പെട്ടതായാണ് ആരോപണം. എന്നാൽ കോൺഗ്രസിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകാത്തതിനെ തുടർന്നാണ് ലീഗിനെതിരെ ഇത്തരം കുപ്രചരണം നടത്തുന്നതെന്ന് സയ്യിദ് ലുക്മാൻ തങ്ങൾ പറഞ്ഞു.
ലീഗ് സ്ഥിരമായി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കയ്യാളുന്നതിനെതിരെ നേരത്തേതന്നെ കോൺഗ്രസ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യുഡിഎഫ് ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനം ആകാത്ത സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന പ്രഖ്യാപനവും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിൽനിന്നു ഉയർന്നിട്ടുണ്ട്. ലീഗ് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നാൽ കോൺഗ്രസിന് പിന്തുണ നൽകുമെന്നാണ് സിപിഎം നൽകുന്ന സൂചന.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here