വൈക്കത്തൂർ ഉത്സവം ഇന്ന് സമാപിക്കും
വളാഞ്ചേരി: വൈക്കത്തൂർ ഉത്സവത്തിന്റെ അഞ്ചാംദിവസം തുളസീദളം വേദിയിൽ ദേശത്തെ പ്രതിഭകളൊരുക്കിയത് കലാവിരുന്നിന്റെ സർഗോത്സവം. ഇരുനൂറോളം പ്രതിഭകളാണ് സർഗോത്സവത്തിൽ പങ്കെടുത്തത്. ഉപഹാരങ്ങളും നൽകി. ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഒരു നല്ല മനുഷ്യനെ സൃഷ്ടിക്കുന്നതിൽ കല സ്വാധീനം ചെലുത്തുന്നുണ്ടെന്നും കൃഷ്ണൻ തമ്പ്രാക്കൾ പറഞ്ഞു. സുരേഷ് കുമാർ മലയത്ത് അധ്യക്ഷനായി. സി.കെ. സുരേന്ദ്രബാബു, ഇ.പി. ഗോവിന്ദൻ, സുരേഷ് പാറത്തൊടി, സുരേഷ് കുമാർ അഴിക്കാട്ടിൽ, ടി.വി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. കൃഷ്ണൻ തമ്പ്രാക്കളെ അരുൺ പൊന്നാടയണിയിച്ചു.
വൈകുന്നേരം കേരള ക്ഷത്രകലാ അക്കാദമി പുരസ്‌കാര ജേതാവ് ശ്രീരാജ് കിള്ളിക്കുറിശിമംഗലം ചാക്യാർകൂത്ത് അവതരിപ്പിച്ചു. ദീപാരാധനയ്ക്കുശേഷം ശ്രീഭൂതബലി, ഗണപതിയ്ക്ക് അപ്പംമൂടൽ, എന്നിവയുമുണ്ടായി. തുടർന്ന് ഭഗവാൻ പരിവാരസമേതം പള്ളിവേട്ടക്കിറങ്ങി. പള്ളിവേട്ട കഴിഞ്ഞ് മടക്കത്തിന് കല്ലുവഴി മുരളി നമ്പീശനും സംഘവും മേളം അവതരിപ്പിച്ചു.വ്യാഴാഴ്ച പ്രതിഷ്ഠാദിന ചടങ്ങുകളോടെ ഉത്സവം സമാപിക്കും. രാവിലെ ആറരയ്ക്ക് ഭാഗവത പാരായണം, ഒമ്പതിന് കോട്ടയ്ക്കൽ ശ്രീഹരി പുല്ലാങ്കുഴലിൽ വായിക്കുന്ന മുരളീരവം, 11-ന് തിരുവാതിരക്കളികളുടെ അവതരണം എന്നിവയുണ്ടാകും. വൈകുന്നേരം നാലിന് വളാഞ്ചേരി നഗരത്തിൽനിന്നും പകൽപൂരം എഴുന്നെള്ളിപ്പ് തുടങ്ങും. രാത്രി എട്ടിന് ആറാട്ടും തുടർന്ന് ക്ഷേത്രമുറ്റത്ത് ആറാട്ട്‌മേളവും നടക്കും. രാത്രി 11.30-ന് 25 കലശങ്ങളുടെ അഭിഷേകത്തിന്‌ശേഷം ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് നടയടയ്ക്കും. പുറത്തെവേദിയിൽ 10-ന് ഗാനമേള നടക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here