പിടിയാനയെ കൊമ്പനാക്കി എഴുന്നള്ളിച്ച കമ്മിറ്റിക്ക് അടുത്ത പൂരത്തിന് വിലക്ക്
തൂതപ്പൂരത്തിന്റെ ‘എ’ വിഭാഗം എഴുന്നള്ളിപ്പിൽ പിടിയാനയെ കൊമ്പനാക്കി കോലമേന്തിച്ച സംഭവത്തിൽ ആനയെ എഴുന്നള്ളിച്ച കമ്മിറ്റിക്ക് അടുത്ത പൂരത്തിന് വിലക്ക്. അമ്പലവട്ടം കമ്മിറ്റിക്കാണ് പൂരാഘോഷ കമ്മിറ്റി വിലക്ക് ഏർപ്പെടുത്തിയത്. അടുത്ത വർഷം വൈകീട്ടുള്ള കൂടിക്കാഴ്ചയിലെ എഴുന്നള്ളിപ്പിൽ അമ്പലവട്ടത്തെ പങ്കെടുപ്പിക്കില്ല. രാവിലെയുള്ള വഴിപാടു പൂരത്തിൽ പങ്കെടുക്കാം.
ശനിയാഴ്ച കൂടിയ തൂതപ്പൂരം ആഘോഷ കമ്മിറ്റിയുടെ പൂരം അവലോകന യോഗത്തിൽ പിടിയാനയെ എഴുന്നള്ളിച്ച സംഭവം ചർച്ചാ വിഷയമായിരുന്നു. അതിനിടയിൽ പ്രത്യേക സാഹചര്യത്തിലാണ് പിടിയാനയെത്തന്നെ എഴുന്നള്ളിപ്പിന് ഒരുക്കേണ്ടി വന്നതെന്നും ഇക്കാര്യത്തിൽ ദുഃഖമുണ്ടെന്നും പ്രായശ്ചിത്തത്തിന് തയ്യാറാണെന്നുമാണെന്ന നിലപാടാണ് അമ്പവവട്ടം കമ്മിറ്റി സ്വീകരിച്ചത്.
ലക്കിടി ഇന്ദിരയെന്ന പിടിയാനയെയാണ് ഫൈബർ കൊമ്പ് ഘടിപ്പിച്ച് കൊല്ലങ്കോട് കേശവനാക്കി മാറ്റിയത്. ചൊവ്വാഴ്ച തൂതപ്പൂരത്തിന് എ, ബി വിഭാഗം എഴുന്നള്ളിപ്പുകളിലായി നിരന്നത് 15 വീതം ആനകൾ. കരാറെടുത്ത വ്യക്തി എത്തിച്ച ആനകളിലൊന്ന് പിടിയാന.
എണ്ണം തികയ്ക്കാൻ ഈ പിടിയാനയെ ഫൈബർ കൊമ്പ് ഘടിപ്പിച്ച് കൊമ്പനാക്കുകയായിരുന്നു. തൂതപ്പൂരത്തിന് കീഴ്‌വഴക്കമനുസരിച്ച് പിടിയാനയെ എഴുന്നള്ളിക്കാറില്ല. പിടിയാനയെയാണ് കൊണ്ടുവരുന്നതെന്ന് തൂതപ്പൂരം ആഘോഷ കമ്മിറ്റി അറിഞ്ഞിരുന്നില്ല. പൂരം അവലോകന യോഗത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ വി. സന്തോഷ് അധ്യക്ഷനായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here