കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളേജിലെ സമരം; നിരാഹാരമിരുന്ന വിദ്യാർഥികളെ അശുപത്രിയിലേക്ക് മാറ്റി
വളാഞ്ചേരി: അധ്യാപകൻ മാനസികമായി പീഢിപ്പിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ മൂന്നു ദിവസങ്ങളായി കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളേജിൽ നിരാഹാര സമരം നടത്തി വന്ന വിദ്യാർഥികളെ അശുപത്രിയിലേക്ക് മാറ്റി.
ആരോഗ്യസ്ഥിതി അപകടനിലയിലായതിനെ തുടർന്ന് നിരാഹാരം കിടന്നിരുന്ന ആഗ്നേയ് നന്ദൻ, അബ്ദുൽ ഹനാൻ, സായൂജ്, നിഷ്വിൻ എന്നിവരെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ടി സിദ്ദീഖിന്റെ നേതൃത്വത്തിൽ നാട്ടുകാർ കുറ്റിപ്പുറം താലൂക്ക് അശുപത്രിയിലേക്ക് മാറ്റി. വിദ്യാർഥികളുടെ സമരം അവസാനിപ്പിക്കുവാനോ ചർച്ചക്കു വിളിക്കുവാനോ തയ്യാറാകാത്ത മാനേജ്മെന്റിന്റെ നടപടിയിൽ പ്രധിഷേധം രേഖപ്പെടുത്തുന്നതായി കെ.ടി സിദ്ധീഖ് പറഞ്ഞു.
ഇതേ തുടർന്ന് രണ്ടാം ഘട്ടമായി പകരം മൂന്ന് പേർ നിരാഹാരം തുടങ്ങി. അമീൻ യാസിർ, ഫാഇസ് തേവലക്കര, അർഷദ് തരുവറ എന്നിവരാണ് നിരാഹാരം ആരംഭിച്ചത്.
വിദ്യാർഥിനിയുടെ പരാതിയും വിദ്യാർഥികൾ ഉപരോധിച്ചതായി അധ്യാപകന്റെ പരാതിയും ലഭിച്ചതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച കോളേജിലെത്തി വിശധമായി അന്വേഷിക്കുമെന്നും പരാതി കഴമ്പുള്ളതാണെന്ന് കണ്ടാൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യുമെന്നും പോലീസ് അറിയിച്ചു. എന്നാൽ അധ്യാപകനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. വിദ്യാർഥി സമരത്തെത്തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here