നവാഗതർക്ക് ചക്കയും വിഷരഹിത വേപ്പും വിത്തുപേനയും; വ്യത്യസ്തമായ സ്വീകരണമൊരുക്കി മലബാർ സ്കൂൾ വിദ്യാർഥികൾ
റാഗിംഗ് കലുഷിതമായിക്കൊണ്ടിരിക്കുന്നൊരു ക്യാമ്പസ് കാലത്ത് നവാഗതർക്കായി തീർത്തും പ്രകൃതിയോടിണങ്ങിയ വേറിട്ടൊരു വരവേൽപ്പ് നൽകി കോട്ടക്കൽ മലബാർ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ. ചക്കയും കറിവേപ്പിൻ തൈയും വിത്തുപേനയും നൽകിയായിരുന്നു വിദ്യാർത്ഥികൾ തങ്ങളുടെ കുഞ്ഞു സഹോദരങ്ങളെ ക്യാമ്പസിലേക്ക് സ്വാഗതം ചെയ്തത്.
തങ്ങളുടെ കുഞ്ഞു സഹോദരങ്ങളെ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്യുന്ന കാര്യത്തിലും വലിയൊരു സന്ദേശം നൽകണം എന്ന ചിന്തയാണ് വിദ്യാർത്ഥികളെ പ്രകൃതിയോടിണങ്ങിയ ഒരു വരവേൽപ്പിലേക്കെത്തിച്ചത്. കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയും വിഷരഹിതമായ കറിവേപ്പില എന്ന ലക്ഷ്യത്തോടെ വേപ്പിൻ തൈകളും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിത്തുകൾ നിറച്ച പേപ്പർ പേനകളുമായിരുന്നു വിദ്യാർത്ഥികൾക്കായി വിതരണം ചെയ്തത്.
വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ നിന്നും കൊണ്ടുവന്നായിരുന്നു ചക്ക വിതരണം ചെയ്തത്. കോട്ടക്കൽ പൊലീസ് അഡീഷണൽ എസ്.ഐ അജിത് പ്രസാദ് ചക്കയും തൈകളും വിദ്യാർത്ഥികൾക്ക് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പി.സാജിദ് ബാബു, വൈസ് പ്രിൻസിപ്പൽ കെ.കെ നാസർ, ഹയർ സെക്കണ്ടറി വിഭാഗം മേധാവി സി .അക്ബർ, അഷ്കർ കെ .പി, വി.രാജേഷ്, ഷറഫുദ്ധീൻ, അമീറുദ്ധീൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സ്കൂൾ എൻ.എസ്.എസ് വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here