ദേശീയപാത ഭൂമി ഏറ്റെടുക്കൽ; വാദം കേൾക്കൽ ആറ് മുതൽ
മലപ്പുറം: ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമയുള്ള വാദംകേൾക്കൽ ഡിസംബർ ആറിന് മാത്രമേ തുടങ്ങൂവെന്ന് കളക്ടർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടങ്ങളുടെ വിലനിർണയത്തിൽ വന്ന താമസംമൂലമാണ് ഡിസംബറിലേക്ക് നീട്ടിയത്. തിരൂർ താലൂക്കിലാണ് തുടക്കം. തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലേത് 17-നും പൊന്നാനിയിൽ 20-നും തുടങ്ങും. ഗുണഭോക്താക്കളുടെ രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടശേഷം ഉടനടി തന്നെ നഷ്ടപരിഹാരം നൽകും. അവാർഡ് വിചാരണ തുടങ്ങുന്നതിനുമുൻപ് തന്നെ ഇതിനാവശ്യമായ മുഴുവൻ ഫണ്ടും ലഭ്യമാക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത ദേശീയപാതാവിഭാഗം പ്രോജക്ട് ഡയറക്ടർ നിർമൽ സാദെ അറിയിച്ചു.
ദേശീയപാതാ സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുൺ, എൻ.എച്ച്. ലെയ്‌സൺ ഓഫീസർ പി.പി.എം. അഷ്‌റഫ്, വിവിധ വകുപ്പുതല മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഭൂമി വിട്ടുനൽകുന്നവർക്ക് ഉടൻ നഷ്ടപരിഹാരം നൽകും
മലപ്പുറം: ജില്ലയിൽ ദേശീയപാതാ വികസനത്തിന് ഭൂമി വിട്ടുനൽകുന്നവർക്ക് ഉടൻ നഷ്ടപരിഹാരം നൽകുമെന്ന് കളക്ടർ അമിത് മീണ അറിയിച്ചു. സ്ഥലമെടുപ്പിന്റെ ഭാഗമായി കണ്ടെത്തിയ മുഴുവൻ ഭൂമിയും നടപടികൾ പൂർത്തിയാക്കി 2019 ഫെബ്രുവരി 28-നകം ദേശീയപാതാവിഭാഗത്തിന് കൈമാറും.
ഏറ്റെടുക്കുന്ന ഭൂമിയുടെ വില പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി, ഗുണഭോക്താവിന് നഷ്ടപ്പെടുന്ന ഭൂമിയുടെ കൃത്യമായ വിവരങ്ങൾ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here