ചരിത്ര രേഖ സർവ്വേക്ക് ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ മനയിൽ നിന്നും തുടക്കം
വളാഞ്ചേരി: സാമൂഹ്യ സാക്ഷരതാ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാ മിഷൻ പുരാരേഖ വകുപ്പുമായി ചേർന്ന് നടത്തുന്ന ചരിത്ര രേഖ സർവ്വേയുടെ കുറ്റിപ്പുറം ബ്ലോക്ക് തല ഉത്ഘാടനം സാമൂതിരി രാജാവിന് അരിയിട്ട് വാഴിക്കാൻ അധികാരമുണ്ടായിരുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ മനയിൽ നിന്നും ആരംഭിച്ചു.
250 വർഷം മുൻപ് ജീവിച്ചിരുന്ന തപസ്വിയായ ഒരു ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ ഒറ്റ പലകയിൽ തീർത്ത ആവണ പലകയുടെ ഐതിഹ്യം ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കളിൽ നിന്നും ശേഖരിച്ചുകൊണ്ട് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ഉത്ഘാടനം ചെയ്തു.
പിന്നീട് സ്വയംഭ്രഷ്ടനായി സന്യാസം സ്വീകരിച്ചുകൊണ്ട് ഈ ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ വളാഞ്ചേരിക്കടുത്ത കുളമംഗലത്തെ കളപ്പുരയിൽ താമസിച്ചുവെന്നും ഇദ്ദേഹത്തിന്ടെ ജടയിൽ കെട്ടിയിരുന്ന രുദ്രാക്ഷ മാല പിന്നീട് അനന്തരാവകാശിയായിരുന്ന പരേതനായ ആഴ്‌വാഞ്ചേരി രാമൻ വലിയ തമ്പ്രാക്കൾ കഴുത്തിലണിയുകയും ചെയ്തിരുന്നുവെന്ന് ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ കൂട്ടി ചേർത്തു.
ഇനിയും കണ്ടെത്താത്ത നിരവധി ചരിത്രസ്മാരകങ്ങളും രേഖകളും കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനുമായാണ് ഇത്തരം ഒരു സർവ്വേ. വെളിച്ചം കാണാത്ത നിരവധി ചരിത്ര ശേഷിപ്പുകൾ സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലുണ്ട്. ഇവയെ കുറിച് കൃത്യമായ വിവരം പുരാ രേഖ വകുപ്പിന് ലഭ്യമല്ല. ഇത്തരം ശേഷിപ്പുകളും രേഖകളും സർവേയിലൂടെ കണ്ടെത്തുകയാണ് ലക്‌ഷ്യം.ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയർ സെക്കന്ററി തുല്യത പഠിതാക്കളാണ് സർവ്വേ നടത്തുക. ഓരോ പഠിതാവും ഒരു രേഖയെങ്കിലും കണ്ടെത്തണം.
ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാറോളി കദീജ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വിദ്യഭ്യസ ആരോഗ്യ സത്രം സമിതി അധ്യക്ഷൻ കെ ടി സിദ്ധീഖ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ.ടി. നിസാർ ബാബു, ആതവനാട് പഞ്ചായത്ത് സാക്ഷരതാ മിഷൻ പ്രേരക് എം. ജംഷീറ. തുല്യത പഠിതാക്കളായ കെ പി സവാദ്, എ മുഹമ്മദ് എന്നിവർ സംബന്ധിച്ചു..
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here