എടപ്പാൾ മേൽപ്പാലം നിർമാണോദ്ഘാടനം നാളെ
എടപ്പാൾ: എടപ്പാളിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയായ എടപ്പാൾ മേൽപ്പാലത്തിന്റെ നിർമാണ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് നാലിന് എടപ്പാളിൽ നടക്കും. ഇതോടൊപ്പം നിർമാണം പൂർത്തിയായ എടപ്പാൾ- നീലിയാട് റോഡിന്റെ ഉദ്ഘാടനവും നടക്കും. എടപ്പാൾ പട്ടാമ്പി റോഡിൽ സജ്ജമാക്കിയ വേദിയിൽ മേൽപ്പാലത്തിന്റെ നിർമാണ ഉദ്ഘാടനം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിക്കും. മന്ത്രി കെ ടി ജലീൽ അധ്യക്ഷനാകും. മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിൽ അഞ്ചുവർഷംമുമ്പ് ആരംഭിച്ച പ്രവർത്തനങ്ങളാണ് ഇതോടെ ഫല പ്രാപ്തിയിലെത്തുന്നത്. 13.68 കോടി രൂപ ചെലവിൽ എടപ്പാൾ ജങ്ഷനിൽ കോഴിക്കോട്- തൃശൂർ റോഡിനുമുകളിലൂടെയാണ് മേൽപ്പാലം.
പൂർണമായും സർക്കാർ സ്ഥലത്തുകൂടിയാണ് പദ്ധതി കടന്നുപോകുന്നത്. കോഴിക്കോട്
റോഡിൽ റൈഹാൻ കോർണറിൽനിന്നാരംഭിച്ച് തൃശൂർ റോഡിൽ പഴയ എഇഒ ഓഫീസ് വരെയുള്ള 200 മീറ്ററോളം ദൂരത്തിലാണ് മേൽപ്പാലം നിർമിക്കുന്നത്. ഏഴര മീറ്റർ വീതിയുംപാർക്കിങ് സൗകര്യവും വശങ്ങളിൽ മൂന്നര മീറ്റർ സർവീസ് റോഡും ഓരോ മീറ്റർ വീതം ഫുട്പാത്തും നിർമിക്കാനാണ് പദ്ധതി.
തൃശൂർ -കുറ്റിപ്പുറം സംസ്ഥാന പാതയിൽ ഏറ്റവുമധികം ഗതാഗതക്കുരുക്ക്
നേരിടുന്ന ജങ്ഷനാണ് എടപ്പാൾ. നാല് റോഡുകൾ സംഗമിക്കുന്ന ജങ്ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലക്ക് മേൽപ്പാലമെന്ന ആശയമുദിച്ചത്. ഇതിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി സമർപ്പിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പദ്ധതി നീട്ടിക്കൊണ്ടുപോകുകയായിരുന്നു. കിഫ്ബിയുടെ ഫണ്ടുപയോഗിച്ചാണ് നിർമാണം നടത്തുന്നത്. നിർമാണം ആരംഭിച്ചാൽ കുറച്ചുനാൾ ഗതാഗത നിയന്ത്രണവും വഴിതിരിച്ചുവിടലുമുണ്ടാകും. നിർമാണം പൂർത്തിയായ എടപ്പാൾ-നീലിയാട് പാതയുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. മന്ത്രി കെ ടി ജലീൽ എടപ്പാൾ-നീലിയാട്
പാതയിൽക്കൂടി തുറന്ന വാഹനത്തിൽ സഞ്ചരിച്ചാണ് ഉദ്ഘാടനംചെയ്യുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here