പാതയോരങ്ങളിൽ സജീവമായി ‘ചക്കര മിഠായി വിൽപ്പന’
കോട്ടയ്ക്കൽ: ഒരു കാലത്ത്, വർഷത്തിലൊരിക്കൽ മാത്രം ഉത്സവങ്ങൾക്കും നേർച്ചകൾക്കും കാണപ്പെട്ടിരുന്ന മലപ്പുറത്തിന്റെ പ്രിയപ്പെട്ട ചക്കര മിഠായി വിൽപ്പന ഇപ്പോൾ ദേശീയ പാതയോരത്തെ നിത്യകാഴ്ചയായി മാറിയിരിക്കുന്നു. ആകൃതിയിലും രുചിയിലും ജിലേബി വിഭാഗത്തിൽപ്പെടുന്ന പലഹാരമാണെങ്കിൽ പോലും വേറിട്ട രുചിയാണ് മലബാരി ചക്കരമിഠായിക്ക്. ഉത്സവകാലങ്ങളിൽ ലഭ്യമായിരുന്ന ആ രുചിയ്ക്കായി പിന്നീട് ഒരു വർഷം കാത്തിരിക്കണമായിരുന്നു.
ആവശ്യക്കാർ കൂടിയതോടെ ഏറെ പേരാണ് ചക്കര മിഠായി കച്ചവടവുമായി ദേശീയപാതയോരത്ത് സ്ഥാനം പിടിച്ചിരിക്കുന്നത്. തൃശൂർ-കോഴിക്കോട് ദേശീയപാതയോരത്ത് കോട്ടക്കൽ മുതൽ വളാഞ്ചേരി വരെയുള്ള ഭാഗത്ത് മാത്രമായി വിവിധയിടങ്ങളിലായി പത്തോളം സംഘങ്ങളാണ് മിഠായി കച്ചവടം ചെയ്തു വരുന്നത്. മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ തകൃതിയായ വിൽപ്പന നടത്തുന്ന സംഘങ്ങളെ കാണാം. താൽകാലിക ഷെഡുകളിലും ഷെൽട്ടർ വാഹനങ്ങളിലുമാണ് വിൽപ്പന.
ശർക്കര, പഞ്ചസാര രുചികളിൽ ഭംഗിയോടെ അടുക്കി നിരത്തിവച്ച ശർക്കര മിഠായിക്ക് ദീർഘദൂര യാത്രക്കാരേക്കാൾ നാട്ടുകാർ തന്നെയാണ് ആവശ്യക്കാർ എന്ന് വിൽപ്പനക്കാർ പറയുന്നു. നൂറു രൂപയാണ് കിലോ വില.ശർക്കര മിഠായിക്കാണ് ആവശ്യക്കാർ കൂടുതൽ. ഒന്നോ രണ്ടോ എണ്ണം വാങ്ങി രുചി നുകർന്ന് മടങ്ങുന്നവരും ഏറെയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here