കൌതുകമായി മലപുറത്തെ ഹംസമാരുടെ സംഗമം
മലപ്പുറം ∙ ‘ഹംസേ…’ എന്ന് ഒറ്റത്തവണ നീട്ടിവിളിച്ചാൽ മൂവായിരം പേർ ‘എന്തോ’ എന്നു തിരിച്ചുചോദിക്കുന്ന രംഗമാലോചിച്ചുനോക്കൂ. ജില്ലയിലെ, ഹംസ എന്നുപേരുള്ളവരുടെ ‘ഞാൻ ഹംസ’ സംഗമത്തിലാണ് 40 ദിവസം പ്രായമായ തിരൂരിലെ ഹംസ അമീൻ മുതൽ 88 വയസ്സുള്ള കരുവാരകുണ്ട് പുല്ലൂർശൻ ഹംസ വരെയുള്ള മൂവായിരത്തിലധികമാളുകൾ ഒത്തുചേർന്നത്. പ്രധാനസംഘാടകനായ ലൗലി ഹംസ ഹാജിയുടെ വക സ്വാഗതം. ആധ്യക്ഷ്യം വഹിച്ചത് മതപണ്ഡിതൻ ഹംസ ബാഫഖി, ഉദ്ഘാടനം ഹംസ അഞ്ചുമുക്കിൽ, പ്രസംഗകരായി ഹംസ യോഗ്യൻ, ഹംസ നെടിയിരുപ്പ്, ഹംസ ജെംസ് കോളജ്… അങ്ങനെ ഏറെപ്പേർ.
40 ദിവസം പ്രായമായ തിരൂരിലെ ഹംസ അമീൻഹംസ എന്നു പേരുള്ളവർക്കു മാത്രമായിരുന്നു ഓഡിറ്റോറിയത്തിൽ പ്രവേശനം. മലപ്പുറത്തെ വ്യാപാരിയായ ലൗലി ഹംസ ഹാജിക്കാണ് ‘ഹംസപ്പട’യെ വിളിച്ചുകൂട്ടിയാലോ എന്നു തോന്നിയത്. ഫോണിലെ കോണ്ടോക്ട്സ് നോക്കിയപ്പോൾതന്നെ ഹംസമാരുടെ ഒരു നിരയുണ്ട്. സംഗമം വച്ചാലോ എന്ന് ഒന്നുരണ്ടുപേരോടു പറഞ്ഞതേയുള്ളൂ, ആളുകൾ ഇങ്ങോട്ട് അന്വേഷിച്ചുതുടങ്ങി. ഹംസമാരെത്തേടി പത്രത്തിൽ അറിയിപ്പ് കൊടുത്തതോടെ ഒഴുക്കായി.
കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ഭയന്ന്, മലപ്പുറം ഹംസമാർക്കു മാത്രമാക്കി സംഗമം പരിമിതപ്പെടുത്തുകയായിരുന്നു. ‘ഞാൻ ഹംസ’ എന്നെഴുതിയ വെള്ളത്തൊപ്പി വച്ച്, ഏത് ഹംസയാണെന്നു വ്യക്തമാക്കുന്ന ബാഡ്ജ് ധരിച്ച് ഹംസമാർ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞു. ആളുകൾ വന്നുകൊണ്ടിരുന്നപ്പോൾ മൂന്ന് ‘ബാച്ച്’ ആയി ഇരുത്തേണ്ടി വന്നു. പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകളെത്തിയതോടെ ഭക്ഷണം തീർന്നു. ഹംസമാരുടെ കലാപരിപാടികളും ലൗലി ഹംസ ഹാജിയുടെയും മലയിൽ ഹംസയുടെയും മാജിക് ഷോയുമൊക്കെയായി പരിപാടി തകർത്തു. വാട്സാപ് ഗ്രൂപ്പും ഫെയ്സ്ബുക്ക് പേജും തുടങ്ങി, ഹംസമാരുടെ ചികിത്സാസഹായം ഉൾപ്പെടെയുള്ള ഭാവിപരിപാടികൾ ആസൂത്രണം ചെയ്തുപിരിഞ്ഞു. ‘സിംഹം’ എന്നാണ് ഹംസ എന്ന അറബിക് പേരിന് അർഥം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here