അടിക്കടിയുള്ള ഹർത്താലിൽ സഹികെട്ട് വളാഞ്ചേരിയിലെ വ്യാപാരികൾ ഒത്തൊരുമിച്ചു; ഒരു സംഘടനയുടെയും പിന്തുണയില്ലാതെ
വളാഞ്ചേരി: അടിക്കടിയുണ്ടാകുന്ന ഹർത്താലിൽ സഹികെട്ട് വളാഞ്ചേരിയിലെ വ്യാപാരികൾ. ഇന്ന് നടന്ന ഹർത്താലിൽ കടകൾ തുറക്കുമെന്ന് കഴിഞ്ഞ ദിവസം യോഗം ചേർന്ന് തീരുമാനമെടുത്തിരുന്നെങ്കിലും ഇന്ന് രാവിലെ മാർക്കറ്റ് മാത്രമാണ് തുറന്ന് കാര്യക്ഷമമായി പ്രവർത്തിച്ചത്. സംഘടനാ നേതാക്കളുടെയടക്കം സ്ഥാപനങ്ങൾ അടഞ്ഞു കിടന്നപ്പോൾ മറ്റുള്ളവരും അവരവരുടെ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ ആശയക്കുഴപ്പമുണ്ടായി. ആളൊഴിഞ്ഞ ബസ്റ്റാന്റിലെ ചുരുക്കും ചില കടകളും കൂൾബാറുകളും മാത്രമാണ് രാവിലെ തുറന്നത്.
എന്നാൽ രാവിലെ പത്തരയോടനുബന്ധിച്ച് പ്രകടനമായെത്തിയ സമരക്കാർ എ.കെ.ജി റോഡിൽ പ്രവർത്തിക്കുന്ന മൊബൈൽ കട അടപ്പിക്കാൻ ശ്രമിച്ചു. കടയുടമ സമ്മതിക്കാതിരുന്നതിനെ തുടർന്ന് ചെറിയ തോതിൽ കല്ലേറും ഉണ്ടായി. എന്നാൽ ബസ്റ്റാന്റിൽ തങ്ങിയിരുന്ന വ്യാപാരികൾ എല്ലാവരും തടിച്ചു കൂടുകയും ചില മുതിർന്ന വ്യാപാരികളുടെ നേതൃത്വത്തിൽ പ്രശ്നത്തിൽ ഇടപെട്ടതോടെ സമരക്കാർ നീങ്ങി. സംഘടിച്ച വ്യാപാരികൾ സമരക്കാർക്കെതിരെ മുദ്രാവാക്യം വിളിച്ച് നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു. പോലീസിന്റെ സമയോചിതമായ നടപടിയാണ് സ്ഥലത്തെ സംഘർഷാവസ്ഥ ഒഴിവാക്കിയത്. ഇന്ന് ഉച്ചവരെ കടകൾ തുറന്നിരുന്നില്ലെങ്കിലും വൈകുന്നേരത്തോടെ കടകൾ തുറക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here