വളാഞ്ചേരി നഗരസഭ മാർക്കറ്റിലെ പുതിയ വിപണന കേന്ദ്രം നാടിന് സമർപ്പിച്ചു
വളാഞ്ചേരി: മത്സ്യമാർക്കറ്റിൽ സ്വകാര്യവ്യക്തികൾ നഗരസഭയ്ക്ക് നിർമിച്ചുനൽകിയ വിപണനകേന്ദ്രത്തിന്റെ ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു. നഗരസഭാധ്യക്ഷ സി.കെ. റുഫീന അധ്യക്ഷതവഹിച്ചു. ഒമ്പത് കടമുറികളുള്ള വിപണനകേന്ദ്രത്തിൽ ഒന്ന് നഗരസഭയിലെ കർഷകരുടെ കാർഷികവിളകൾ വിൽക്കുന്നതിനുള്ള കാർഷിക വിപണനകേന്ദ്രത്തിനും മറ്റൊരു മുറി കുടുംബശ്രീ വിപണനകേന്ദ്രത്തിനുമായി നീക്കിവെച്ചിട്ടുണ്ട്. ശേഷിക്കുന്നവ വരുംദിവസങ്ങളിൽ ലേലത്തിലൂടെ ആവശ്യക്കാർക്ക് അനുവദിച്ചുനൽകും. ചട്ടമനുസരിച്ച് എസ്.സി. വിഭാഗത്തിനും മുറി മാറ്റിവെച്ചിട്ടുണ്ട്.
സ്വകാര്യവ്യക്തികൾ നിർമിച്ചുനൽകിയ മുറികളിലൂടെ നഗരസഭയ്ക്ക് വർഷംതോറും ലക്ഷങ്ങൾ തനതു വരുമാനമായി ലഭിക്കുമെന്നും മാലിന്യനിക്ഷേപ മേഖലയായിരുന്ന മാർക്കറ്റിന്റെ പിറകുവശം മാലിന്യമുക്തമാക്കാൻ കഴിഞ്ഞതായും നഗരസഭാധ്യക്ഷ സി.കെ. റുഫീന പറഞ്ഞു.
സ്ഥിരംസമിതി അധ്യക്ഷരായ സി. അബ്ദുന്നാസർ, ചേരിയിൽ രാമകൃഷ്ണൻ, കൗൺസിലർ ടി.പി. അബ്ദുൾ ഗഫൂർ, മൂർക്കത്ത് മുസ്തഫ, ടി.പി. രഘുനാഥൻ, ശിഹാബുദ്ദീൻ, പി.പി. ഹമീദ്, മുസ്‌ലിംലീഗ് മുനിസിപ്പൽ പ്രസിഡന്റ് അഷ്‌റഫ് അമ്പലത്തിങ്ങൽ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പറശേരി അസൈനാർ, ടി.എം. പദ്മകുമാർ, നഗരസഭാ സെക്രട്ടറി സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. കെട്ടിടം നിർമിച്ചുനൽകിയ വ്യക്തികൾക്ക് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉപഹാരങ്ങൾ നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here