പൂക്കാട്ടിരി സഫ കോളജ് എന്‍.എസ്.എസ്, എസ്.ഐ.പി യൂണിറ്റുകള്‍ സംയുക്തമായി പാലിയേറ്റീവ് ക്ലിനിക്കുകള്‍ക്ക് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു
എടയൂർ: കിടപ്പുരോഗികള്‍ക്ക് വേദനാ സംഹാരികളെക്കാള്‍ സാന്ത്വനമാണ് അത്യാവശ്യമെന്ന് പെരിന്തല്‍മണ്ണ ഗവ. ജില്ലാ ആശുപത്രി മുന്‍ സൂപ്രണ്ടും ക്രാഫ്റ്റ് ഹോസ്പിറ്റല്‍ സ്ഥാപകനുമായ ഡോ. ഷാജി ഗഫൂര്‍. പൂക്കാട്ടിരി സഫ കോളജ് എന്‍.എസ്.എസ്, എസ്.ഐ.പി യൂണിറ്റുകള്‍ സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റീവ് ക്ലിനിക്കുകള്‍ക്കുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളുടെ വിതരണത്തിന്റെയും വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോധവത്കരണ ക്ലാസിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിടപ്പു രോഗികളും പ്രായമായവരും ഏറെ പ്രയാസപ്പെടുന്നത് അവരുടെ ഒറ്റപ്പെട്ട ജീവിതത്തെ തുടര്‍ന്നാണ്. മരുന്നുകളെക്കാളേറെ സാന്ത്വനമാണ് ഇത്തരക്കാര്‍ക്ക് ആവശ്യമെന്നും അത് നല്‍കാന്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടുന്ന ഈ യുവ സമൂഹത്തിന് സാധിക്കുമെന്നും ഡോ. ഷാജി ഗഫൂര്‍ പറഞ്ഞു. രോഗിയെ കേള്‍ക്കാന്‍ തയ്യാറാവുന്നതിലൂടെ അവരുടെ വേദനകള്‍ക്ക് ഒരു പരിധിവരെയെങ്കിലും ആശ്വാസമാകാന്‍ നമുക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ എന്‍.എസ്.എസ്, എസ്.ഐ.പി യൂണിറ്റുകള്‍ തയ്യാറാക്കിയ രോഗി പരിചരണ കൈപുസ്തകം പ്രകാശനം ചെയ്തു.
ഇത്തരം സാമൂഹിക സേവന പദ്ധതികളിലൂടെ പുതുതലമുറ വിദ്യാര്‍ത്ഥികളിലെ തിന്മയെക്കാള്‍ അവരിലെ നന്മയെ ഉയര്‍ത്തികൊണ്ടുവരാനാണ് കോളജ് ശ്രമിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഒ.ഇ.സി.ടി ചെയര്‍മാന്‍ യാസിര്‍. വി.പി പറഞ്ഞു. ട്രസ്റ്റ് സ്ഥാപകനും മുന്‍ ചെയര്‍മാനുമായ വി.പി കുഞ്ഞിമൊയ്തീന്‍കുട്ടിയുടെ സ്മരണാര്‍ത്ഥം കോളജില്‍ ആരംഭിക്കുന്ന പാലിയേറ്റീവ് യൂണിറ്റിന്റെ പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിച്ചു. വി.പി കുഞ്ഞിമൊയ്തീന്‍കുട്ടി സാഹിബിന്റെ ചരമ ദിനമായ ആഗസ്റ്റ് അഞ്ചിനാണ് പാലിയേറ്റീവ് യൂണിറ്റ് ആരംഭിക്കുന്നത്.
ഒ.ഇ.സി.ടി ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്തോടെ പ്രദേശത്തെ പാലിയേറ്റീവ് യൂണിറ്റുകള്‍ക്കുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ട്രസ്റ്റ് മെമ്പര്‍ വി.പി യൂനുസ് സലീം വിതരണം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി യു.എ ഷമീര്‍, ട്രസ്റ്റ് മെമ്പര്‍ കെ. അബ്ദുല്‍ റഷീദ്, സഫ കോളജ് പ്രിന്‍സിപ്പാള്‍ പി. അബ്ദുല്‍ ഗഫൂര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.പി മുഹമ്മദ് അലിഖാന്‍, ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ പി.കെ അബ്ദുല്‍ ഷുക്കൂര്‍, സേവന പാലിയേറ്റീവ് ജോയന്റ് സെക്രട്ടറി വി.പി അനീസ്, സേവന പാലിയേറ്റീവ് മെമ്പര്‍ ഹരിദാസന്‍, സഫ കോളജ് എസ്.ഐ.പി സ്റ്റാഫ് കോര്‍ഡിനേറ്റര്‍ കെ. ഷബീര്‍, എസ്.ഐ.പി സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ ടി. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here