അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ പൂരം കൊടിയേറി
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ചൊവ്വാഴ്ച ആചാരപൂർവം പൂരം കൊടിയേറി. മറ്റു ക്ഷേത്രങ്ങളിൽനിന്നു വിഭിന്നമായി തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ മൂന്നാംപൂരത്തിനാണ് പൂരം കൊടിയേറുന്നത്. ഭഗവതിക്ക് വടക്കേനടയിലെ സ്വർണക്കൊടിമരത്തിലും മഹാദേവന് കിഴക്കേനടയിലെ സ്വർണക്കൊടിമരത്തിലും കൊടിയേറ്റം നടന്നു. വടക്കേനടയിലും കിഴക്കേനടയിലും കൊടിമരച്ചുവട്ടിൽ നടന്ന പ്രത്യേക താന്ത്രിക കർമങ്ങൾക്കുശേഷം രാത്രി ഏഴിനുശേഷമായിരുന്നു കൊടിയേറ്റം. ഭഗവതിയുടെ സ്വർണക്കൊടിമരത്തിൽ തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയും കിഴക്കേനടയിൽ മഹാദേവന്റെ കൊടിമരത്തിൽ പന്തലക്കോട്ടത്ത് സജി നമ്പൂതിരിയും ഉത്സവധ്വജം ഉയർത്തി. മഹാദേവന്റെ കൊടി എട്ടാംപൂരത്തിന് ഭഗവാന്റെ ആറാട്ടിനുശേഷം താഴെയിറക്കും. എന്നാൽ വടക്കേനടയിലെ കൊടിക്കൂറ 11 പൂരവും കഴിഞ്ഞ് ഒരാഴ്ചനീളുന്ന ഭൂതഗണങ്ങളുടെ ഉത്സവത്തിനുശേഷം മാത്രമേ താഴെ ഇറക്കുകയുള്ളൂ.
ചൊവ്വാഴ്ച അഞ്ചാമത്തെയും ആറാമത്തെയും ആറാട്ടുകൾ നടന്നു. വൈകുന്നേരം ക്ഷേത്രാങ്കണത്തിൽ ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, പാഠകം, നാദസ്വരം എന്നിവയും തൃത്താല ശ്രീനിയുടെ തായമ്പകയുമുണ്ടായിരുന്നു. ബുധനാഴ്ച നാലാംപൂരത്തിന് പൂരം മുളയിടൽ ചടങ്ങ് നടക്കും. രാത്രി ഏഴിനാണ് മുളയിടൽ ചടങ്ങ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here