വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നവര്‍ക്ക് ജലീലിന്റെ ചുട്ട മറുപടി വൈറലാകുന്നു
മലപ്പുറം: താനൂരില്‍ ഹര്‍ത്താലില്‍ തകര്‍ത്ത കടകകള്‍ പുനഃസ്ഥാപിക്കാനും ആക്രമണങ്ങളിലെ മുറിവുണക്കാനും താന്‍ ഇടപെട്ടതിനെതിരെ രംഗത്തുവന്ന വെല്‍ഫെയര്‍ പാര്‍ടിക്കും ബിജെപി നേതാക്കള്‍ക്കും ചുട്ട മറുപടിയുമായി മന്ത്രി കെ ടി ജലീല്‍. വര്‍ഗീയ ചേരിതിരിവുണ്ടാക്കി മുതലെടുക്കാന്‍ തുനിഞ്ഞവരെ തന്റെയും എംഎല്‍എയുടെയും ഇടപെടല്‍ നിരാശരാക്കിയെന്ന് മന്ത്രി ഫേസ‌്ബുക്ക‌് പോസ‌്റ്റിൽ പറഞ്ഞു. സംഘി ബന്ധമുണ്ടെന്ന് പറയപ്പെടുന്നവര്‍ കുഴിച്ചകുഴിയില്‍ പാവം ചെറുപ്പക്കാരെ ‘ധാര്‍മിക പിന്തുണ’ നല്‍കി ചാടിച്ച വിരുതന്‍മാര്‍ (അക്കൂട്ടത്തില്‍ ചില ചാനലുകളുംപെടും) ജാള്യം മറച്ചുവയ്ക്കാന്‍ പെടാപ്പാട്പെടുന്നത് രസകരമാണ‌്.
താനൂരില്‍ പൂര്‍ണമായും തകര്‍ന്ന രണ്ട് കച്ചവട സ്ഥാപനങ്ങളേയുള്ളൂ. കെ ആര്‍ ബാലന്റെ കെആര്‍ ബേക്കറിയും ചന്ദ്രന്റെ പടക്കക്കടയും. ബിജെപിയും സംഘപരിവാരങ്ങളും ബേക്കറിയും പടക്കക്കടയും പൂര്‍ണമായും തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് കോപ്പ് കൂട്ടാനും മലപ്പുറത്തിന്റെ മതേതര മുഖത്ത് കരിവാരിത്തേക്കാനും കൊണ്ട്പിടിച്ച് ശ്രമിക്കുന്നതിനിടയിലാണ് ഞങ്ങള്‍ താനൂരിലെത്തുന്നത്. കെ ആര്‍ ബാലന്‍ ഇനി സ്ഥാപനം അവിടെ പുനരാരംഭിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഞങ്ങളെ അറിയിച്ചു. അതെങ്ങാനും സംഭവിച്ചാല്‍ എന്താകുമായിരുന്നു സ്ഥിതിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. ജില്ലയുടെയും മലപ്പുറത്തെ ഭൂരിപക്ഷ സമുദായത്തിന്റെയും യശസ്സ് ഉയര്‍ത്താനേ ഞങ്ങള്‍ ശ്രമിച്ചുള്ളു. കേരളത്തിന്റെ പൊതുബോധം സര്‍വാത്മനാ അതിനെ സ്വാഗതംചെയ‌്തു.
ലീഗിന്റെ മനപ്രയാസം ലീഗിനെ അടുത്തറിയുന്നവര്‍ക്ക് എളുപ്പം മനസ്സിലാക്കാനാകും. അവര്‍ ചെയ്യേണ്ടിയിരുന്ന ഒരു കാര്യം അവരെക്കാള്‍ കാര്യക്ഷമമായി യഥാസമയത്ത് യാഥാര്‍ഥ്യമാക്കാന്‍ ‘മുസ്ലിം വിരുദ്ധരെന്ന്’ ലീഗ് നാഴികക്ക് നാല്‍പ്പത് വട്ടം ആരോപിക്കുന്നവര്‍ക്ക് സാധിച്ചത് അത്ര പെട്ടെന്ന് സമുദായ സംഘടനക്ക് ദഹിക്കാനിടയില്ല. ആ ഈര്‍ഷ്യ ലീഗ് സ്‌നേഹിതന്‍മാര്‍ കരഞ്ഞ് തീര്‍ത്തല്ലേ പറ്റൂ. ഞങ്ങളുടെ ഇടപെടല്‍ എങ്ങിനെയാണ് വെല്‍ഫെയര്‍ പാര്‍ടിക്കാര്‍ പ്രചരിപ്പിക്കുംപോലെ മലപ്പുറത്തിന് അപകീര്‍ത്തികരമാവുക എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. രാജ്യത്തിന് തന്നെ മാതൃകയാകുന്ന സല്‍കൃത്യത്തിനാണ് താനൂരില്‍ തുടക്കമിട്ടത്. മുസ്ലിം സമുദായത്തില്‍ ഒരു ചെറു ന്യൂനപക്ഷത്തിന്റെ പിന്തുണപോലും അവകാശപ്പെടാന്‍ കഴിയാത്ത കടലാസുപാര്‍ടിക്കാര്‍ക്ക് ഇതിനെതിരെ ഉറക്കെ ഉറക്കെ മതിവരുവോളം കുരയ്ക്കാം. ജനങ്ങളുടെ അകന്ന് കൊണ്ടിരിക്കുന്ന മനസ്സുകളെ അടുപ്പിക്കാനാകുന്ന പ്രവർത്തനം തുടരും. അതിന്റെ പേരില്‍ എത്ര ഭീകരമായി ഭര്‍സിക്കാന്‍ തുനിഞ്ഞാലും ഒരു പുല്ലു വിലപോലും അവയ്ക്കൊന്നും സമൂഹം കല്‍പ്പിക്കില്ല. ശരിയെന്ന് തോന്നുന്ന പന്ഥാവിലൂടെ സധൈര്യം ഞങ്ങള്‍ മുന്നോട്ട് പോകും. വിജയം ആര്‍ക്കെന്ന് കാത്തിരുന്ന് കാണാമെന്നും പോസ‌്റ്റിൽ പറഞ്ഞു.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
BJP ക്കും വെൽഫെയർ പാർട്ടിക്കും ഒരേ സ്വരം ഒരേ നിറം !……….!
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –
താനൂരിലുണ്ടായ അനിഷ്ട സംഭവങ്ങളോടുള്ള എന്റെ പ്രതികരണത്തിൽ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് വെൽഫെയർ പാർട്ടിയും വി.മുരളീധരൻ എം.പി ഉൾപ്പടെയുള്ള ബി.ജെ.പി. നേതാക്കളും രംഗത്ത് വന്നത് ഞങ്ങളുടെ ഇടപെടലുകൾ ഫലം കണ്ടുവെന്നതിന്റെ സുവ്യക്തമായ സാക്ഷ്യപത്രങ്ങളായേ കാണാനാകു . കഴിഞ്ഞ ദിവസം നടന്ന “വ്യാജ ഹർത്താലി” നെ വാർത്തകൾ നൽകി പ്രോൽസാഹിപ്പിച്ചും സോഷ്യൽ മീഡിയയിൽ പിന്തുണ പറയാതെ പറഞ്ഞും വീട്ടിലിരിക്കുന്നവരെ തെരുവിലിറക്കിയത് കൊണ്ട് , വല്ല നേട്ടവുമുണ്ടായാൽ അത് കീശയിലാക്കാനും കോട്ടമുണ്ടായാൽ പാപഭാരം അങ്ങാടികളിൽ അഴിഞ്ഞാടിയ ചെറുപ്പക്കാരുടെ പിരടിയിൽ കെട്ടിവെച്ച് തടിയൂരാനും ലക്ഷ്യമിട്ട് ചില ബുദ്ധിരാക്ഷസൻമാർ നടത്തിയ ഗിമ്മിക്കുകൾ കണ്ടവർക്കൊക്കെ പെട്ടന്ന് പിടികിട്ടിയിട്ടുണ്ടാകും . കൈ നനയാതെ മീൻപിടിക്കാനാകാത്തതിലെ ദു:ഖം മുഴുവൻ അവരുടെ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ട് . സംഘി ബന്ധമുണ്ടെന്ന് പറയപ്പെടുന്നവർ കുഴിച്ച കുഴിയിൽ പാവം ചെറുപ്പക്കാരെ “ധാർമ്മിക പിന്തുണ” നൽകി ചാടിച്ച വിരുതൻമാർ (അക്കൂട്ടത്തിൽ ചില ചാനലുകളും പെടും) ജാള്യത മറച്ചുവെക്കാൻ പെടാപ്പാട് പെടുന്നത് രസകരമാണ്.
താനൂരിൽ പൂർണ്ണമായും തകർന്ന രണ്ടേരണ്ട് കച്ചവട സ്ഥാപനങ്ങളേയുളളു . ഒന്ന് കെ.ആർ ബാലന്റെ കെ.ആർ ബേക്കറിയും ചന്ദ്രന്റെ പടക്കക്കടയുമാണവ. സാധാരണ ഇത്തരമൊരു ഹർത്താലിന് സംഭവിക്കുന്ന ഒരു തോണ്ടലിനും പിച്ചലിലിനുമപ്പുറം തൊട്ടടുത്ത ദിവസം കട തുറക്കാനാകാത്ത വിധം മറ്റൊരു കടയിലും ഹർത്താലുകാരുടെ ആവേശ പ്രകടനത്തിൽ ഒന്നും സംഭവിച്ചിട്ടില്ല . ബി.ജെ.പിയും സംഘ് പരിവാരങ്ങളും ബാലേട്ടന്റെ ബേക്കറിയും ചന്ദ്രേട്ടന്റെ പടക്കക്കടയും പൂർണ്ണമായും തകർന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് കോപ്പ് കൂട്ടാനും മലപ്പുറത്തിന്റെ മതേതര മുഖത്ത് കരിവാരിത്തേക്കാനും കൊണ്ട്പിടിച്ച് ശ്രമിക്കുന്നതിനിടയിലാണ് ഞങ്ങൾ താനൂരിലെത്തുന്നത് . കെ.ആർ ബാലൻ ഇനി സ്ഥാപനം അവിടെ പുനരാരംഭിക്കാൻ താൽപര്യമില്ലെന്ന് ഞങ്ങളെ അറിയിച്ചു . അതെങ്ങാനും സംഭവിച്ചാൽ എന്താകുമായിരുന്നു സ്ഥിതിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ . എന്നന്നേകുമുള്ള കറുകറുത്ത പാടായി മലപ്പുറത്തിന്റെ മതേതര മുഖത്ത് അത് പരുപരുത്ത് നിൽക്കുമായിരുന്നു . അത്തരമൊരു സാഹചര്യം കണ്ടില്ലെന്ന് നടിച്ച് പതിവു സന്ദർശനമാക്കി ഞങ്ങളുടെ സാന്നിദ്ധ്യത്തെ മാറ്റണമെന്നും ഒരെലയനക്കം പോലും സൃഷ്ടിക്കാതെ ഔദ്യോഗിക സംഘം മടങ്ങിപ്പോരണമെന്നും ആയിരുന്നു ഇരു സമുദായങ്ങളിലെയും പ്രതിലോമകാരികൾ ആഗ്രഹിച്ചത് . കുട്ടനെയും മുട്ടനെയും കൂട്ടിയിടിപ്പിച്ച് രക്തമൂറ്റിക്കുടിച്ച് തുള്ളിച്ചാടാൻ മോഹിച്ച കലാപക്കൊതിയർക്ക് ഞങ്ങളുടെ പ്രഖ്യാപനം ഇടിത്തീയായി അനുഭവപ്പെട്ടത് സ്വാഭാവികം.
മലപ്പുറം ജില്ലയുടെയും മലപ്പുറത്തെ ഭൂരിപക്ഷ സമുദായത്തിന്റെയും യശസ്സ് ഉയർത്താനേ ഞങ്ങൾ ശ്രമിച്ചുള്ളു . കേരളത്തിന്റെ പൊതുബോധം സർവ്വാത്മനാ അതിനെ സ്വാഗതം ചെയ്യുകയും ചെയ്തു . BJP ഇതിനെ എതിർത്തത് അവരുടെ അനന്തമായ രാഷ്ട്രീയ സാധ്യതയുടെ കവാടങ്ങൾ അടയാൻ പ്രസ്തുത നീക്കം നിമിത്തമായി എന്നത് കൊണ്ടാണെന്ന് ആർക്കാണ് അറിയാത്തത് ? അതേ സമയം വെൽഫെയർ പാർട്ടിയുടെ ഉറഞ്ഞ് തുള്ളൽ എന്തിന് വേണ്ടിയായിരുന്നു ? വല്ല കുഴപ്പവും പെറ്റുവീണ നാട്ടിലുണ്ടായാൽ “ഹുകൂമത്തേ ഇലാഹി” യുടെ (ദൈവീക ഭരണക്രമം നിലനിൽക്കുന്ന) നാടുകളിലേക്ക് “ഹിജ്റ” അഥവാ പലായനം നടത്താൻ ഇക്കൂട്ടർക്ക് കഴിഞ്ഞേക്കാം . മലപ്പുറത്തെ തൊണ്ണൂറ്റി ഒൻപതേ മുക്കാൽ ശതമാനം വരുന്ന നിഷ്കപടരായ മനുഷ്യർ എങ്ങോട്ട് പോകും ? അവർക്ക് പോകാനും വരാനും കിടക്കാനും മയങ്ങാനും അവസാനം ശാശ്വത നിദ്ര പൂകാനും ഈ മണ്ണല്ലേ ഉള്ളു . ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാവണം ഇങ്ങിനെയൊരു സൽകൃത്യത്തിലേക്കായി അഞ്ച് മിനുട്ടിനിടയിൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ച് കിട്ടിയ സുഹൃത്തുക്കൾ ഓരോരുത്തരും അവരവർക്ക് കഴിയുന്ന സംഖ്യ നൽകാമെന്നേറ്റത് . അവരുടെ പേരു വിവരങ്ങളാണ്
കഴിഞ്ഞ ദിവസം എന്റെ fb പോസ്റ്റിൽ സൂചിപ്പിച്ചിരുന്നത് . ഒരാളും ഞാൻ പങ്കുവെച്ച ആശയത്തോട് എതിര് പറഞ്ഞില്ലെന്നത് അവരിലൊക്കെ നിറഞ്ഞ് തുളുമ്പുന്ന നീതിബോധത്തിന്റെ പ്രതിഫലനമായിരുന്നു . ഇത്തരമൊരു സംരഭത്തിൽ ഭാഗഭാക്കാകാൻ താൽപര്യമുള്ള എന്റെ സുഹൃത്ത് ചേന്നര സി.പി കുഞ്ഞിമൂസ ഉൾപ്പടെ നിരവധി പേരാണ് കാര്യങ്ങളറിഞ്ഞ് അവരുടെ സന്നദ്ധത അറിയിച്ച് പിന്നീട് വിളിച്ചത് . മതം “മദ”ത്തിന് വഴിമാറിക്കൊടുക്കാത്തവരുടെ സന്മനസ്സിന് ഇതിലധികം മറ്റെന്ത് തെളിവ് വേണം ? അക്രമിക്കപ്പെട്ട പത്തൊൻപത് കടകളിൽ പതിനാറെണ്ണവും മുസ്ലിങ്ങളുടെ സ്ഥാപനങ്ങളാണെന്നും അവിടെയൊക്കെ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്നും വാർത്തകൾ പടച്ചു വിടുന്ന വെൽഫെയർകാർക്കും സംപ്രേക്ഷണം ചെയ്യുന്ന വഴിത്തിരിവ് ചാനലിനും ഉത്തമ ബോദ്ധ്യമുണ്ടെങ്കിൽ “പരമത” സ്നേഹികൾക്ക് ചുട്ടമറുപടി കൊടുക്കാൻ “സ്വമത” പ്രേമികൾക്ക് മറ്റൊരു സഹായ നിധി രൂപീകരിച്ച് നഷ്ടം നികത്തിക്കൊടുക്കുന്നതിന് ആരും തടസ്സം നിന്നിട്ടില്ലല്ലോ?
ലീഗിന്റെ മനപ്രയാസം ലീഗിനെ അടുത്തറിയുന്നവർക്ക് എളുപ്പം മനസ്സിലാക്കാനാകും . അവർ ചെയ്യേണ്ടിയിരുന്ന ഒരു കാര്യം അവരെക്കാൾ കാര്യക്ഷമമായി യഥാസമയത്ത് യാഥാർത്യമാക്കാൻ “മുസ്ലിം വിരുദ്ധരെന്ന്” ലീഗ് നാഴികക്ക് നാൽപത് വട്ടം ആരോപിക്കുന്നവർക്ക് സാധിച്ചത് അത്ര പെട്ടന്ന് സമുദായ സംഘടനക്ക് ദഹിക്കാനിടയില്ല . ആ ഈർഷ്യം ലീഗ് സ്നേഹിതൻമാർ കരഞ്ഞ് തീർത്തല്ലേ പറ്റു.
ഞങ്ങളുടെ ഇടപെടൽ എങ്ങിനെയാണ് വെൽഫെയർ പാർട്ടിക്കാർ പ്രചരിപ്പിക്കും പോലെ മലപ്പുറത്തിന് അപകീർത്തികരമാവുക എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല . രാജ്യത്തിന് തന്നെ മാതൃകയാകുന്ന സൽകൃത്യത്തിനാണ് താനൂരിൽ തുടക്കമിട്ടത് . മുസ്ലിം സമുദായത്തിൽ ഒരു ന്യൂനാൽ ന്യൂനപക്ഷത്തിന്റെ പിന്തുണ പോലും അവകാശപ്പെടാൻ കഴിയാത്ത കടലാസു പാർട്ടിക്കാർക്ക് ഇതിനെതിരെ ഉറക്കെ ഉറക്കെ മതിവരുവോളം കുരക്കാം. ജനങ്ങളുടെ അകന്ന് കൊണ്ടിരിക്കുന്ന മനസ്സുകളെ അടുപ്പിക്കാൻ ഞങ്ങളെക്കൊണ്ടാവുന്നപ്രവർത്തനങ്ങൾ ഞങ്ങൾ നടത്തിക്കൊണ്ടേ ഇരിക്കും . അതിന്റെ പേരിൽ എത്ര ഭീകരമായി ഭൽസിക്കാൻ തുനിഞ്ഞാലും ഒരു പുല്ലു വിലപോലും അവക്കൊന്നും സമൂഹം കൽപിക്കില്ല . ശരിയെന്ന് തോന്നുന്ന പന്ഥാവിലൂടെ സധൈര്യം ഞങ്ങൾ മുന്നോട്ട് പോകും . കാലം സാക്ഷി , വിജയം ആർക്കെന്ന് കാത്തിരുന്ന് കാണാം . നിങ്ങൾക്ക് നിങ്ങുളുടെ വഴി ഞങ്ങൾക്ക് ഞങ്ങളുടെ വഴി..
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here