കുറ്റിപ്പുറം പാലത്തിൽനിന്ന് ചാടിയ ആൾക്കായി നടത്തുന്ന തിരച്ചിൽ രണ്ടാം നാളും വിഫലം
കുറ്റിപ്പുറം :കുറ്റിപ്പുറം പാലത്തിൽനിന്ന് ചാടിയ ആൾക്കായി നടത്തുന്ന തിരച്ചിൽ രണ്ടാം നാളും വിഫലം. തിങ്കളാഴ്ച ഉച്ചയോടെയാണ് കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഒരാൾ പുഴയിൽ ചാടിയതായി പോലീസിൽ വിവരം ലഭിച്ചത്. പാലത്തിലൂടെപോയ ബൈക്ക് യാത്രികനാണ് വിവരം അറിയിച്ചത്. വിവരമറിഞ്ഞപ്പോൾമുതൽ തുടങ്ങിയ തിരച്ചിൽ ചൊവ്വാഴ്ചയും തുടർന്നു. പക്ഷേ, നിരാശയായിരുന്നു ഫലം. വൈകീട്ട് തിരച്ചിൽ നിർത്തുന്നതുവരെ ചാടിയ ആളെ കണ്ടെത്താനായില്ല. പ്രധാനമായും തിരുനാവായ, രാങ്ങാട്ടൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ചൊവ്വാഴ്ചയും തിരച്ചിൽ നടത്തിയത്.
കലങ്ങിയ വെള്ളമാണ് ഇപ്പോൾ പുഴയിലൂടെ ഒഴുകുന്നത്. ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അകലങ്ങളിലേക്ക് ഒഴുകിപ്പോകാനും പുൽക്കാടുകളിൽ തങ്ങിനിൽക്കാനും സാധ്യതയുണ്ടെന്നാണ് തിരച്ചിലിൽ ഏർപ്പെട്ടവർ പറയുന്നത്. ചാടിയത് ആരെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഉച്ചയോടെ നിലമ്പൂരിൽനിന്നുള്ള സ്വകാര്യ ഏജൻസിയും തിരച്ചിലിനായെത്തി. ഇ.ആർ.എഫ്. അംഗങ്ങൾ തിരച്ചിൽ നടത്തിയിട്ടും ആളെ കണ്ടെത്താനായില്ല. റവന്യൂ, പോലീസ് ഉദ്യോഗസ്ഥരും ആവശ്യമായ നിർദേശങ്ങൾ നൽകി സ്ഥലത്തുണ്ടായിരുന്നു. രാത്രിയായതോടെ തിരച്ചിൽ തത്കാലം നിർത്തിവെച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here