വളാഞ്ചേരി ബസ് സ്റ്റാൻഡ് നവീകരിച്ചു തുടങ്ങി
വളാഞ്ചേരി: നഗരസഭാ ബസ്‍ സ്റ്റാൻഡിന്റെ
നവീകരണം തുടങ്ങി. സ്റ്റാൻഡ്‍ യാർഡ്, റീടാറിങ് നടത്തുന്ന ജോലികളാണ് ആരംഭിച്ചത്. അരിക് കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയും ഇതോടൊപ്പം നടക്കും. ഏഴുലക്ഷം രൂപയാണ് സ്റ്റാൻഡ് നവീകരണത്തിനായി നഗരസഭ വകയിരുത്തിയിട്ടുള്ളത്.
സ്റ്റാൻഡിനകത്തെ കംഫർട്ട് സ്റ്റേഷനോടനുബന്ധിച്ചുള്ള നിർമാണപ്രവൃത്തികളും ഇതോടൊപ്പം നടത്തുന്നുണ്ട്. അഞ്ചുലക്ഷം രൂപ ചെലവിൽ സെപ്റ്റിക് ടാങ്ക് നിർമിച്ചിരുന്നു. തിങ്കൾ രാത്രി തുടങ്ങിയ റീടാറിങ് ജോലികൾ ഇന്നു പൂർത്തിയാകുമെന്നാണ് കരുതുന്നത്. നിർമാണജോലികൾക്കായി സ്റ്റാൻഡ് അടച്ചതോടെ സ്റ്റാൻഡിൽ വന്നുപോയിരുന്ന ബസുകൾ വിവിധ കേന്ദ്രങ്ങളിൽനിന്നാണ് ഇന്നലെ സർവീസ് തുടങ്ങിയതും അവസാനിപ്പിച്ചതും.
പ്രധാന പാത കേന്ദ്രീകരിച്ച് പ്രാദേശിക റൂട്ടുകളിലേക്കുള്ള ബസുകളും നിരത്തിൽ നിരന്നതോടെ നഗരം കേന്ദ്രീകരിച്ചുള്ള നാലു റോഡുകളിലും ഇന്നലെ ഇടയ്ക്കിടെ ഗതാഗതക്കുരുക്കനുഭവപ്പെട്ടു. കുറ്റിപ്പുറം ഭാഗത്തേക്കുള്ള യാത്രക്കാർ പെട്രോൾ പമ്പിനടുത്തു വാഹനം കാത്ത് വലഞ്ഞു. തിരൂർ, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള ബസുകൾ പഴയ കെഎസ്ആർടിസി എസ്എം ഓഫിസ് പരിസരത്തുനിന്ന് പുറപ്പെടണമെന്നാണ് നിർദേശമെങ്കിലും മിക്ക ബസുകളും എസ്ബിഐ സ്റ്റോപ്പിൽനിന്ന് യാത്രക്കാരെ കയറ്റി. കൊപ്പം, പെരിന്തൽമണ്ണ ഭാഗങ്ങളിലേക്കുള്ള ബസുകളിൽ കയറിപ്പറ്റാനും യാത്രക്കാർ നടന്നു വലഞ്ഞു.
റീടാറിങ്ങ് പ്രവർത്തനങ്ങൾ നഗരസഭാധ്യക്ഷ ഷാഹിന ടീച്ചറും ഉപാധ്യക്ഷൻ എ.വി. ഉണ്ണീക്കൃഷ്ണനും സന്ദർശിച്ച് പുരോഗതികൾ വിലയിരുത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here