കുറുമ്പത്തൂരിലെ കവര്‍ച്ച; മുഖംമൂടിക്കവര്‍ച്ചയും പരാതിയും വ്യാജമെന്ന് സംശയം
വളാഞ്ചേരി: കുറുമ്പത്തൂര്‍ എ.കെ.കെ. നഗറിലെ വീട്ടില്‍ മുഖംമൂടി ധരിച്ചെത്തിയ ആള്‍ കവര്‍ന്ന 16 പവന്‍ ആഭരണം വീട്ടുമുറ്റത്തുനിന്നും തിരിച്ചുകിട്ടി. എ.കെ.കെ. നഗറിലെ കല്ലിടുമ്പില്‍ നൗഷാദിന്റെ ഭാര്യ ഫാത്തിമ ഫര്‍ഹാനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വളാഞ്ചേരി പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ ഇവരുടെ വീട്ടിലെത്തിയിരുന്നു.
പോലീസ് വീടും പരിസരവും പരിശോധിക്കുന്നതിനിടെ മുറ്റത്തെ ചെടികള്‍ക്കിടയില്‍നിന്നുമാണ് നഷ്ടപ്പെട്ട ആഭരണങ്ങള്‍ കിട്ടിയത്. എസ്.ഐ. ബഷീര്‍ സി. ചിറയ്ക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം കണ്ടെടുത്തത്.
‘മുഖംമൂടിക്കവര്‍ച്ച’യും പരാതിയും കെട്ടുകഥയാണെന്നാണ് പോലീസിന്റെ നിഗമനം. കവര്‍ച്ച ചെയ്തതായി പറയുന്ന ആഭരണങ്ങള്‍ പരാതിക്കാരിയുടെ വീട്ടുമുറ്റത്തെ ചെടികള്‍ക്കിടയില്‍നിന്നും കിട്ടിയതാണ് പോലീസിന്റെ സംശയത്തിനടിസ്ഥാനം. തിങ്കളാഴ്ച ഉച്ചയ്ക്ക് താന്‍ അടുക്കളയില്‍ നില്‍ക്കുമ്പോള്‍ മുഖംമൂടി ധരിച്ചെത്തിയ ആള്‍ പിറകില്‍നിന്നും മുഖവും വായും പൊത്തി കഴുത്തിലെ മാലയുള്‍പ്പെടെയുള്ള ആഭരണങ്ങളും പത്തുമാസം പ്രായമായ കുഞ്ഞിന്റെ ആഭരണങ്ങളും കവര്‍ന്നുവെന്നാണ് ഫാത്തിമ ഫര്‍ഹാന പരാതിയില്‍ പറയുന്നത്. ഇതിനിടെ ഇവര്‍ക്ക് ബോധവും നഷ്ടപ്പെട്ടിരുന്നു.
ആസ്പത്രിയില്‍വെച്ച് ബോധംവന്നപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയുന്നതെന്ന് ഇവര്‍ പറയുന്നു. ഫര്‍ഹാനയുടെ ഭര്‍ത്താവ് നൗഷാദ് വിദേശത്താണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here