ചർച്ച പരാജയം; ഓട്ടോ–ടാക്സി സമരം ഇന്നും തുടരും
വളാഞ്ചേരി: നഗരത്തിൽ കഴിഞ്ഞ നാലുദിവസമായി നടക്കുന്ന ഓട്ടോ–ടാക്സി സമരം തീർപ്പാക്കുന്നതിനായി എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. സഹകരണബാങ്ക് ഹാളിൽ കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ നേതൃത്വത്തിലാണ് ഇന്നലെ രാത്രി അനുരഞ്ജന ചർച്ച നടന്നത്. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്‍ച മുതലാണ് നഗരത്തിലെ ഓട്ടോ–ടാക്സി ഡ്രൈവർമാർ സമരം തുടങ്ങിയത്.
നഗരസഭാധ്യക്ഷന്റെ ചുമതലയുള്ള ഉപാധ്യക്ഷൻ കെ.വി.ഉണ്ണിക്കൃഷ്ണൻ, വളാഞ്ചേരി പൊലീസ് എസ്എച്ച്ഒ പി.പ്രമോദ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ടി.എം.പത്മകുമാർ, പ്രതിപക്ഷനേതാവ് ടി.പി.അബ്ദുൽഗഫൂർ, മോട്ടോർ കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ മുഹമ്മദലി നീറ്റുകാട്ടിൽ, കൺവീനർ എം.ജയകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അനുരഞ്ജന ചർച്ച ഇന്നും നടത്തുന്നുണ്ടെങ്കിലും സമരം തുടരുമെന്ന് മോട്ടോർ കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഇന്നു 11ന് സെൻട്രൽ കവല കേന്ദ്രീകരിച്ച് ചക്രസ്തംഭന സമരവും ഓട്ടോ–ടാക്സി ഡ്രൈവർമാർ ആഹ്വാനം ചെയ്തിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here