ടെണ്ടർ നടപടികൾ പൂർത്തിയായില്ല: തവനൂർ ജയിൽ നിർമ്മാണം മാർച്ച് 31നകം പൂർത്തിയാവില്ലെന്ന് സൂചന
കുറ്റിപ്പുറം: തവനൂർ ജയിൽ നിർമാണം
മാർച്ച് 31നകം പൂർത്തിയാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാവില്ലെന്ന് സൂചന. തവനൂർ ജയിൽ പദ്ധതിയുടെ രണ്ടാംഘട്ട നിർമാണത്തിനുള്ള ടെൻഡർ നടപടികൾ ഇനിയും പൂർത്തിയാകാത്ത സാഹചര്യത്തിലാണിത്. ആദ്യഘട്ടത്തോടെ നിർമാണം നിലച്ച തവനൂർ ജയിൽ പദ്ധതി തുടർനടപടികൾ ഇല്ലാതെ രണ്ടുവർഷത്തോളമായി സ്തംഭനാവസ്ഥയിലാണ്.
ഇക്കാര്യം പരിഗണിച്ചാണ് കഴിഞ്ഞമാസം മഞ്ചേരിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണം മാർച്ച് 31നകം പൂർത്തീകരിക്കാൻ നിർദേശം നൽകിയത്. ജില്ലാ ജയിൽപോലും ഇല്ലാത്ത മലപ്പുറത്തെ സബ് ജയിലുകളുടെ സ്ഥലപരിമിതി കണക്കിലെടുത്ത് തവനൂർ ജയിൽ ഉടൻ പ്രവർത്തനസജ്ജമാക്കാൻ മുഖ്യമന്ത്രി സ്പെഷ്യൽ ഓഫിസർ എ.ജെ. മാത്യൂവിന് നിർദേശം നൽകിയത്.
മഞ്ചേരി, പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി സബ് ജയിലുകളിൽ തടവുകാരുടെ എണ്ണം കൂടുതലാണ്. തവനൂർ ജയിൽ തുറന്നുനൽകിയാൽ ആദ്യഘട്ടത്തിൽ 300 തടവുകാരെ പാർപ്പിക്കാനാകും. നേരത്തെ 17.5 കോടി രൂപ ചെലവിട്ട് നിർമിച്ച തവനൂർ ജയിലിൽ അടുക്കള, ഓഫിസ് സമുച്ചയം, ജീവനക്കാരുടെ ക്വാർട്ടേഴ്സ് എന്നിവയ്ക്ക് പുറമേ വൈദ്യുതീകരണവും ജലവിതരണ സംവിധാനങ്ങളുമാണ് ഇനി ഒരുക്കാനുള്ളത്. ഇതിനായുള്ള എസ്റ്റിമേറ്റ് മരാമത്ത് വകുപ്പ് സമർപ്പിച്ചെങ്കിലും മറ്റുനടപടിക്രമങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here