എടപ്പാൾ സ്ഫോടനം; പ്രതികൾ പിടിയിൽ
എടപ്പാൾ: മേൽപ്പാലത്തിനടിയിൽ ടൗണിന്റെ മധ്യത്തിലുള്ള റൗണ്ട് എബൗട്ടിൽ അപകടകരമാം വിധം പടക്കംപൊട്ടിച്ച സംഭവത്തിൽ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. മദ്യലഹരിയിൽ ചെയ്ത കുസൃതി വലിയ വാർത്താപ്രാധാന്യം നേടിയതോടെ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രണ്ടാംദിവസംതന്നെ പ്രതികളെ കണ്ടെത്തി. പൊന്നാനി പള്ളപ്രം ഉറൂബ് നഗർ കോയിമ വളപ്പിൽ വിഷ്ണു(20), വെളിയങ്കോട് അയ്യോട്ടിച്ചിറ കരിക്കലത്ത് ജംഷീർ (19) എന്നിവരെയാണ് തിരൂർ ഡിവൈ.എസ്.പി. വി.വി. ബെന്നി, താനൂർ ഡിവൈ.എസ്.പി. മൂസ വള്ളിക്കാടൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് പട്ടാമ്പി റോഡിൽനിന്ന് ബൈക്കിൽവന്ന ഇവർ റൗണ്ട് എബൗട്ടിൽ വീര്യമേറിയ ഗുണ്ട് വിഭാഗത്തിൽപ്പെട്ട പടക്കംവെച്ച് ബൈക്കിലിരുന്നുതന്നെ തീകൊളുത്തി കടന്നത്. പൊന്നാനി റോഡിലേക്ക് അതിവേഗത്തിൽ രക്ഷപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ വൻ സ്ഫോടനവും വെളിച്ചവും പുകയും ടൗണിലാകെ പരിഭ്രാന്തി പരത്തി.
മറ്റു വാഹനങ്ങൾപോലും അപകടത്തിൽപ്പെടാനിടയാക്കുംവിധം നടത്തിയ പടക്കം പൊട്ടിക്കലിനെത്തുടർന്ന് പോലീസും ബോംബുസ്ക്വാഡും സയന്റിഫിക് വിഭാഗവും ഡോഗ് സ്ക്വോഡുമടക്കമുള്ളവർ എത്തിയാണ് അന്വേഷണമാരംഭിച്ചത്. 40-ഓളം നിരീക്ഷണ ക്യാമറകളിൽനിന്ന് യുവാക്കളുടെ ദൃശ്യവും, പടക്കം വാങ്ങിയ കടയുമെല്ലാം കണ്ടെത്തിയ പോലീസ് രണ്ടുദിവസത്തിനകംതന്നെ പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതികളെ ചങ്ങരംകുളം എസ്.ഐ. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എടപ്പാളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പൊതുസ്ഥലത്ത് ഭീതി പരത്തിയതിനുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് ഇവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here