മരണത്തിലും വിട്ടില്ല പിഞ്ചോമനയെ; നോവായി കോട്ടക്കുന്ന്
കോട്ടക്കുന്ന്: മണ്ണ് മുകളില്‍ വീണ് തിരിച്ചറിയാനാകാത്തവിധമാണ് അവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പക്ഷേ അപ്പോഴും ഒന്നരവയസുകാരന്‍ ധ്രുവിന്റെ കൈയ്യില്‍ അവന്റെ അമ്മ ഗീതു മുറുകെ പിടിച്ചിരുന്നു. ധ്രുവന്റേയും അവനെ മുറുകെ പിടിച്ചു ചെളിയില്‍ പൊതിഞ്ഞ് കിടന്ന ഗീതുവിന്റേയും മൃതദേഹങ്ങൾ രക്ഷാപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ഉള്ളുലച്ചു. രണ്ടു ദിവസമായി തുടരുന്ന തിരച്ചിലുകള്‍ക്ക് ശേഷമാണ് ഇവരെ കണ്ടെത്തിയത്.
കോട്ടക്കുന്ന് പടിഞ്ഞാറെ ചെരുവില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് ചാത്തക്കുളം സത്യന്റെ മരുമകൾ ഗീതുവും (22) പേരമകൻ ധ്രുവനും (ഒന്നര) മരിച്ചത്. ഉരുൾ പൊട്ടലിൽ സത്യന്റെ ഭാര്യ സരോജിനി (50)യേയും കാണാതായിട്ടുണ്ട്. ശരത്തിന്റെ കണ്‍മുന്നിലാണ് അമ്മയും ഭാര്യയും കുഞ്ഞും മണ്ണിനടിയില്‍ പെട്ടുപോയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ശരത്തും അമ്മ സരോജിനിയും കോട്ടക്കുന്നിന്റെ മുകളില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളം വീടിലേക്ക് കയറാതിരിക്കാന്‍ തൂമ്പയെടുത്ത് മറ്റൊരുവശത്തേക്ക് തിരിച്ചുവിടുകയായിരുന്നു. ഈ സമയത്താണ് നേരത്തേ വിണ്ടുകീറി നിന്നിരുന്ന മലയുടെ ഭാഗം കനത്ത മഴയില്‍ ഇടിഞ്ഞ് താഴേക്ക് പതിച്ചത്. ശരത്ത് അമ്മയുടെ കൈയുംപിടിച്ച് ഓടിമാറാന്‍ ശ്രമിച്ചെങ്കിലും അമ്മ മണ്ണിനടിയില്‍പ്പെട്ടു. നിമിഷ നേരംകൊണ്ട് ഓടിട്ട വീട് ഒന്നാകെ മണ്ണിനടിയില്‍ അമര്‍ന്നു. ഇതിനകത്തുണ്ടായിരുന്ന ഭാര്യയും മകനും അതിനടിയില്‍പ്പെട്ടു.ശരത്തിന്റെ സുഹൃത്ത് ശക്കീബും സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ശക്കീബ് അത്ഭുതകരമായി രക്ഷപ്പെട്ടു. സത്യനും മറ്റൊരു മകനായ സജിത്തും വീട്ടിലുണ്ടായിരുന്നില്ല.
വെള്ളിയാഴ്ച അപകടം നടന്ന് ഒരുമണിക്കൂറോളം കഴിഞ്ഞാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തിരച്ചില്‍ ആരംഭിക്കാനായത്. അഗ്‌നിരക്ഷാസേനയും പോലീസും നാട്ടുകാരുംചേര്‍ന്ന് പിന്നീട് മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. കലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം വൈകീട്ട് ഏഴോടെ അവസാനിപ്പിച്ചു. തിരച്ചില്‍ ശനിയാഴ്ച വീണ്ടും തുടര്‍ന്നെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.വീണ്ടും ഞായറാഴ്ച നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here