ചെമ്പിക്കൽ ലോക്ക് കം ബ്രിഡ്‌ജ് നിർമാണം പാതിവഴിയിൽ മുടങ്ങി
കുറ്റിപ്പുറം : കുറ്റിപ്പുറം-തിരൂർ റോഡിലെ ചെമ്പിക്കലിൽ ജലസേചനവകുപ്പ് നിർമിക്കുന്ന പുതിയ ലോക്ക് കം ബ്രിഡ്‌ജിന്റെ പണി നിലച്ചു. മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിക്കമ്പികൾ മാറ്റിസ്ഥാപിച്ചാൽ മാത്രമേ ഷട്ടർ സ്ഥാപിക്കാൻ അനുവദിക്കൂ എന്ന നിലപാടിലാണ് വൈദ്യുതിവകുപ്പ്. വൈദ്യുതിക്കമ്പികൾ മാറ്റിസ്ഥാപിക്കാൻ മൂന്നുലക്ഷം രൂപയാണ് ജലസേചനവകുപ്പ് വൈദ്യുതിവകുപ്പിന് നൽകേണ്ടത്. ജലസേചനവകുപ്പ് ഈ ഫണ്ട് വൈദ്യുതിവകുപ്പിന് നൽകിയതിനുശേഷം വൈദ്യുതിക്കമ്പികൾ മാറ്റിയാലേ ഷട്ടർ സ്ഥാപിക്കൽ നടക്കുകയുള്ളൂ.സ്ഥാപിക്കാനുള്ള ഷട്ടറുകളെല്ലാം നിർമാണസ്ഥലത്ത് എത്തിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. മാർച്ചിൽ ലോക്ക് കം ബ്രിഡ്‌ജിന്റെ നിർമാണം പൂർത്തിയാക്കാനാണ് ജലസേചനവകുപ്പ് കരാറുകാരന് നിർദേശം നൽകിയിരുന്നത്. എന്നാൽ വൈദ്യുതിവകുപ്പിന്റെ രംഗപ്രവേശത്തോടെ പണി നിലയ്ക്കുകയായിരുന്നു.
ഭാരതപ്പുഴയിൽനിന്ന് മഴക്കാലത്ത് വെള്ളം കയറി നെൽക്കൃഷി നശിക്കാതിരിക്കാനും വേനൽക്കാലത്ത് വെള്ളം സംഭരിച്ചു നിർത്തുന്നതിനുമായാണ് ഇവിടെ പതിറ്റാണ്ടുകൾക്കുമുൻപ് ലോക്ക് കം ബ്രിഡ്‌ജ് നിർമിച്ചത്. ഷട്ടറുകൾ തകർന്നതോടെ ഇതുകൊണ്ടുള്ള പ്രയോജനം കർഷകർക്കു ലഭ്യമല്ലാതായി. ജനകീയ പ്രതിഷേധങ്ങളെത്തുടർന്ന് രണ്ടുവർഷം മുൻപാണ് ഒരുകോടി രൂപ ലോക്ക് കം ബ്രിഡ്‌ജിന്റെ പുനർനിർമാണത്തിന് അനുമതിനൽകിയത്. പദ്ധതി പ്രാവർത്തികമായാൽ ചെല്ലൂർ മേഖലയിലെ നടുവട്ടം, കൊളത്തോൾ പാടശേഖരങ്ങളിലെ നൂറുകണക്കിന് ഏക്കർ നെൽക്കൃഷിക്ക് ഇത് ഗുണകരമാകും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here