അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകി വളാഞ്ചേരി നഗരസഭ ബജറ്റ്
പുതിയ മുനിസിപ്പാലിറ്റിയായ വളാഞ്ചേരിയിൽ മുനിസിപ്പാലിറ്റിക്കാവശ്യമായ അടിസ്ഥാന സൗകര്യ വികസനം ഒരുക്കുവാൻ ലക്ഷ്യമിട്ട് വരും വര്‍ഷത്തെ ബഡ്ജറ്റ് നഗരസഭാ വൈസ് ചെയര്‍മാൻ കെ.വി. ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. രണ്ടു കോടി അറുപത്തിയാറ് ലക്ഷം രൂപയാണ് ഈ മേഖലയ്കായി നഗരസഭാ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.
ഷോപ്പിംഗ് കോംപ്ലക്‌സ്, കമ്മ്യൂണിറ്റി ഹാൾ തുടങ്ങിയവയുടെ നവീകരണം പൂര്‍ത്തീകരിക്കൽ, തെരുവു വിളക്കുകള്‍ക്കായി സ്ട്രീറ്റ് മെയിൻ സ്ഥാപിക്കൽ, തെരുവു വിളക്കുകള്‍ സ്ഥാപിക്കൽ, മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കൽ, മിനി ഇന്‍ഡസ്ട്രിയൽ എസ്റ്റേറ്റിലെ ഭൂമി പ്ലോട്ടുകളാക്കി തിരിച്ച് സംരംഭകര്‍ക്ക് അനുവദിക്കൽ, പുതിയ റോഡുകള്‍, തുടങ്ങിയവയ്കുള്ള തുകയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. കാവുംപുറത്ത് പുതിയ ഷോപ്പിംഗ് കോംപ്ലക്സ്, നഗരസഭ ഓഫീസിന് പുതിയ കെട്ടിടം എന്നിവയും ഈ ഇനത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം തുടക്കമിട്ട ഗ്രീന്‍ 33 പദ്ധതി വഴിയുള്ള പച്ചക്കറി കൃഷിയിലെ ഇടപെടൽ ഈവര്‍ഷവും തുടരുന്നതിന് ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. ഒരു വീട്ടിൽ ഒരു പച്ചക്കറി തോട്ടം, വാഴകൃഷി പ്രോത്സാഹനം, അത്യുൽപ്പാദന ശേഷിയുള്ള തെങ്ങിന്‍ തൈ വിതരണം തുടങ്ങിയ പുതിയ പദ്ധതികള്‍ പരമ്പരാഗത കാര്‍ഷിക പദ്ധതികള്‍ക്കൊപ്പം നടപ്പാക്കുമന്നാണ് ബഡ്ജറ്റിലെ പ്രഖ്യാപനം ഈ പദ്ധതികള്‍ക്കായി മാത്രം 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
കറവപ്പശു വാങ്ങൽ പദ്ധതി ഈ വര്‍ഷം പട്ടികജാതി വിഭാഗങ്ങള്‍ക്കും നടപ്പാക്കുന്നുണ്ട്. അതിനായി പത്തൊന്‍പത് ലക്ഷത്തി പതിനയ്യായിരം രൂപ വകയിരുത്തിയിട്ടുണ്ട്. ഒരു കോടി നാൽപ്പത്തൊന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയാണ് പട്ടിക ജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായി വകയിരുത്തിയിട്ടുള്ളത്.
അര്‍ബൻപി.എച്.എസ്.സി, ബഡ്‌സ് സ്‌കൂൾ, നഗരസഭയ്ക് പുതിയ ബസ്റ്റാന്റ് നിര്‍മ്മാണം, ആധുനിക ശ്മശാന നിര്‍മ്മാണം എന്നീ പദ്ധതികളും നഗരസഭയുടെ ബജറ്റിൽ ഇടം പിടിച്ചിട്ടുണ്ട്. പി.എം.എ.വൈ. പദ്ധതിയിൽ നഗരസഭാ വിഹിതം സര്‍ക്കാർ ഏകപക്ഷീയമായി വര്‍ദ്ധിപ്പിച്ചത് നഗരസഭയ്ക് 8 കോടി രൂപയുടെ അധിക ഭാരം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള വായ്പയിലൂടെ പ്രതിസന്ധി പരിഹരിക്കാനുള്ള പരിപാടിയും ബജറ്റിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇരുപത്തി മൂന്ന് കോടി നാൽപത്തേഴ് ലക്ഷത്തി അറുപത്തിയാറായിരത്തി അഞ്ഞൂറ്റി ഇരുപത്തിനാല് (23,47,66,524) രൂപ വരവും പതിനെട്ട് കോടി അന്‍പത് ലക്ഷത്തി എഴുപത്തി മൂവായിരത്തി അഞ്ഞൂറ് (18,50,73,500) രൂപ ചെലവും നാലുകോടി തൊണ്ണൂറ്റി ആറ് ലക്ഷത്തി തൊണ്ണൂറ്റി മൂവായിരത്തി ഇരുപത്തിനാല് (4,96,93,024) രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് നഗരസഭാ വൈസ് ചെയര്‍മാൻ കെ.വി. ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ചത്.
ബജറ്റ് സെഷനിൽ നഗരസഭാദ്ധ്യക്ഷ എം. ഷാഹിന ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ബജറ്റിന്‍മേലുള്ള വിശദമായ ചര്‍ച്ചയും ബഡ്ജറ്റ് പാസ്സാക്കലും നാളെ നടക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here