തീപിടിച്ച നിലയിൽ ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരണമടഞ്ഞു
പെരിന്തൽമണ്ണ: ആശുപത്രിക്ക് 60 മീറ്ററോളം അകലെനിന്ന് തീപിടിച്ച നിലയിൽ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരണമടഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് നാലോടെ മൗലാന ആശുപത്രിയുടെ എതിർവശത്ത് പണി നടന്നുകൊണ്ടിരിക്കുന്ന കടയുടെ വരാന്തയിൽ നിന്നാണ് തീപിടിച്ച നിലയിൽ ഫവാസ് ആശുപത്രിയിലേക്ക് ഓടി എത്തിയതെന്നാണ് വിവരം. റോഡ് മുറിച്ചുകടന്ന് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിന് മുന്നിലേക്ക് എത്തുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ തുണിയും മറ്റും എറിഞ്ഞ് തീകെടുത്തി. തുടർന്ന് അടിയന്തര ചികിത്സ നൽകി. എന്നാൽ 70 ശതമാനത്തോളം പൊള്ളലേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് ഇന്ന് വൈകിട്ടോടെ മരണം സംഭവിച്ചത്. നിഗമനങ്ങളിൽ നിന്നും ആത്മഹത്യാശ്രമമാണെന്നാണ് പോലീസ് പറയുന്നത്. യുവാവ് ഓടി വന്ന വരാന്തയിൽ റോസാപ്പൂ, തീപ്പെട്ടി, ഇന്ധനം കൊണ്ടുവന്ന കുപ്പി എന്നിവ കണ്ടെത്തി. ഫോണിലെ കോൾ ഹിസ്റ്ററി നീക്കംചെയ്ത നിലയിലായിരുന്നു. ചുങ്കത്തറ മാമ്പൊയിൽ തച്ചുപറമ്പൻ ഹുസൈന്റെ മകനായിരുന്ന ഫവാസ്. വാഹനാപകടത്തിൽ പരുക്കേറ്റ സഹോദരന്റെ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.
പെരിന്തൽമണ്ണ ബിസ്മി ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു. കുറച്ചുകാലമായി കീഴാറ്റൂർ 18-ലായിരുന്നു ഫവാസ് താമസിച്ചിരുന്നത്. മരണത്തെത്തുടർന്ന് ഇൻക്വസ്റ്റ് നടത്താനായി പെരിന്തൽമണ്ണ പോലീസ് കോഴിക്കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here