നവകേരളസൃഷ്ടിക്ക് കൈത്താങ്ങായി വളാഞ്ചേരി യുവജനകൂട്ടായ്മ
വളാഞ്ചേരി: പ്രളയാനന്തരം നവകേരളസൃഷ്ടിക്ക് വളാഞ്ചേരിയുടെ കൈത്താങ്ങ്. ’വളാഞ്ചേരി യുവജനകൂട്ടായ്മ’യാണ് ഇതിന്റെ പ്രവർത്തനങ്ങളുമായി രംഗത്തുള്ളത്. കേരളപ്പിറവിദിനത്തിൽ കാവുംപുറം സാഗർ ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറിന് നവകേരളസൃഷ്ടിക്കുള്ള യുവജനകൂട്ടായ്മയുടെ ഫണ്ട്സമാഹരണം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. മന്ത്രി ഡോ. കെ.ടി. ജലീൽ, ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ, നഗരസഭാധ്യക്ഷ സി.കെ. റുഫീന തുടങ്ങിയവർ മുഖ്യാതിഥികളാകും. ഫണ്ട് സമാഹരണത്തിനായി കലാസന്ധ്യയും ഒരുക്കിയിട്ടുണ്ട്. സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് ഏൽപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.
യുവജനകൂട്ടായ്മയ്ക്കൊപ്പം വളാഞ്ചേരി പ്രസ് ഫോറം, വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂത്ത് വിങ് കമ്മിറ്റി എന്നിവരും സംഘാടകരാണ്. പ്രളയത്തിൽപ്പെട്ടവർക്ക് രക്ഷകരായ വ്യക്തികൾ, സംഘടനകൾ എന്നിവരെ ചടങ്ങിൽ ആദരിക്കും.
പ്രോഗ്രാം ചെയർമാൻ കബീർ പാണ്ടികശാല, കൺവീനർ യാസർ അറാഫത്ത്, മെഹബൂബ് തോട്ടത്തിൽ, യാഹു കോലിശ്ശേരി, മനു കോട്ടീരി, മുഹമ്മദലി നീറ്റുകാട്ടിൽ, ഉണ്ണിക്കൃഷ്ണൻ കോട്ടീരി, എൻ.കെ. സാജിദ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here