തിയറ്ററുകളിലെ നികുതി വെട്ടിപ്പ് തുടരുന്നു: അങ്ങാടിപ്പുറത്ത് ‘കബാലി’ സിനിമ നാലുപേര്‍ക്ക് വേണ്ടി മാത്രമായി ആറുതവണ പ്രദര്‍ശനം നടത്തി!
പെരിന്തല്‍മണ്ണ: തമിഴ് ഹിറ്റ് സിനിമ ‘കബാലി’ തുടര്‍ച്ചയായി 14 ദിവസം ഒരു തിയറ്ററില്‍ ഓടിച്ചപ്പോള്‍ നാല് പേര്‍ക്ക് മാത്രമായി ആറ് തവണ പ്രദര്‍ശനം നടത്തിയതായി രേഖ. രണ്ടാഴ്ച 68 പ്രദര്‍ശനം നടത്തിയപ്പോള്‍ ആകെ എത്തിയ പ്രേക്ഷകര്‍ കേവലം 1237 പേര്‍. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഒരേസമയം പ്രദര്‍ശിപ്പിച്ചതിനൊപ്പം ജൂലൈ ഏഴിന് രാവിലെ 10നുള്ള ആദ്യഷോ കാണാന്‍ പ്രസ്തുത തിയറ്ററില്‍ എത്തിയതാകട്ടെ വെറും 34 പേര്‍ മാത്രം. തുടര്‍ന്ന് ഒരുമണിക്കുള്ള ഷോയില്‍ 40, നാലിന് 35, ഏഴിന് 106, 10നുള്ള സെക്കന്‍ഡ് ഷോയില്‍ 110 പേരും കബാലി കണ്ടതായാണ് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലുള്ള കബാലി സിനിമയുടെ ഡെയ്ലി കലക്ഷന്‍ റിപ്പോര്‍ട്ടില്‍ (ഡി.സി.ആര്‍) പറയുന്നത്. ടിക്കറ്റ് ചാര്‍ജിന്‍െറ കൂടെ പ്രേക്ഷകരില്‍നിന്ന് പിരിക്കുന്ന വിനോദ നികുതി ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്.
ആദ്യ ദിവസം 325 പേര്‍ സിനിമ കണ്ടപ്പോള്‍ 31,850 രൂപ തിയറ്ററില്‍ ലഭിച്ച വരുമാനത്തില്‍ 4807.5 രൂപ പലവിധ നികുതിയും ബത്തയുമായി പഞ്ചായത്തിനുള്ളതാണെന്നും ഡി.സി.ആറില്‍ രേഖപ്പെടുത്തുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാണികള്‍ തീരെ എത്തിയില്ളെന്നും പ്രദര്‍ശനത്തിന്‍െറ ഒമ്പത്, 13 ദിവസങ്ങളില്‍ ആദ്യ ഷോയും 14ാം ദിവസം ഉച്ചക്ക് ഒന്നിനുള്ള ഷോയും റദ്ദാക്കിയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പത്തില്‍ താഴെ മാത്രം പ്രേക്ഷകര്‍ക്കായി 35 തവണ സിനിമ കാണിച്ചെന്നാണ് മറ്റൊരു വെളിപ്പെടുത്തല്‍. അഞ്ച് പേര്‍ക്ക് മാത്രമായി എട്ട് തവണയും നാല് പേര്‍ക്ക് മാത്രമായി ആറ് തവണയും കബാലി പ്രദര്‍ശിപ്പിച്ചതായും രേഖയിലുണ്ട്. പ്രദര്‍ശനത്തിന്‍െറ 11ാം ദിവസം അഞ്ച് ഷോയിലുമായി കേവലം 26 പേര്‍ മാത്രമാണ് ഇവിടെ കബാലി കണ്ടത്.
അങ്ങാടിപ്പുറം ആലങ്ങാടന്‍ മുഹമ്മദ് ഷാനവാസിന് പഞ്ചായത്ത് അധികൃതര്‍ നല്‍കിയ വിവരാവകാശ രേഖയിലാണ് കബാലിയുടെ പ്രദര്‍ശനം തിയറ്ററില്‍ മതിയായ പ്രേക്ഷകരില്ലാതെ നടത്തിയെന്ന് രേഖപ്പെടുത്തുന്നത്. പഞ്ചായത്ത് ക്ളര്‍ക്ക് സി. ചന്ദ്രന്‍, ഓഫിസ് അസിസ്റ്റന്‍റ് പി. വാസു എന്നിവരെയാണ് തിയറ്റര്‍ പരിശോധനക്കായി പഞ്ചായത്ത് നിയോഗിച്ചിരുന്നത്.
സിനിമ തിയറ്ററുകളില്‍ വിനോദനികുതി വെട്ടിപ്പ് നടക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് വിജിലിന്‍സ് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം മഞ്ചേരി, വളാഞ്ചേരി എന്നിവിടങ്ങളിലായി മൂന്ന് തിയറ്റര്‍ ഉടമകള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു.
മൂന്നിടത്തും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ തിയറ്ററുകളിലെ ഡി.സി.ആര്‍ പരിശോധിച്ചാണ് നികുതി വെട്ടിപ്പ് കണ്ടത്തെിയത്. സിനിമ റിലീസ് ചെയ്തതുമുതലുള്ള ഓരോദിവസവും അതാത് പഞ്ചായത്ത്-നഗരസഭകളിലേക്ക് തിയറ്റര്‍ അധികൃതര്‍ ഡി.സി.ആര്‍ നല്‍കണം. ഇതിന്‍െറ ഒരു പകര്‍പ്പ് തിയറ്ററില്‍ സൂക്ഷിക്കും. ഒന്ന് സിനിമ വിതരണം ചെയ്യുന്ന കമ്പനിക്കും നല്‍കും. കമ്പനിയുടെ പ്രതിനിധി ഇടക്ക് പരിശോധനക്കത്തെുന്നതിനാല്‍ കമ്പനിക്കുള്ള ഡി.സി.ആറില്‍ കൃത്രിമം കൈയോടെ പിടിക്കപ്പെടും. അതിനാല്‍, സിനിമ കാണുന്നവരുടെ എണ്ണം സംബന്ധിച്ച് വിതരണകമ്പനിക്കുള്ള കണക്കില്‍ വെള്ളം ചേര്‍ക്കാറില്ല. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് പരിശോധനക്ക് ചുമതലപ്പെടുത്തുന്നവരും തിയറ്റര്‍ നടത്തിപ്പുകാരും ധാരണയിലത്തെി രേഖയില്‍ കാണികളുടെ എണ്ണം കുറക്കുന്നത് പതിവാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here