കാത്തിരിപ്പിന്റെ സാക്ഷാത്കാരം; വള്ളുവനാട്ടിൽ രാമരാജാവ് അവതരിച്ചു
അങ്ങാടിപ്പുറം: പൂരാഘോഷത്തിലെ ചക്രവർത്തിയെ തങ്ങളുടെ തട്ടകത്ത് നേരിൽ കണ്ട ആഘോഷമാണ് അങ്ങാടിപ്പുറത്തുകാർക്കിന്ന്. തങ്ങളുടെ കുലദേവതയെ ശിരസ്സിലേന്തി നിൽക്കുന്ന ഏകഛത്രാദിപതിയെ കാണാൻ പല ദേശങ്ങളിൽ നിന്നും ആളുകൾ ഒഴുകിയെത്തി.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ പത്താം പൂരദിവസമായ ഇന്നാണ് ഏഷ്യയിലെ ഏറ്റവും വലിയ ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയത്. അങ്ങാടിപ്പുറത്തെ ആനപ്രേമിസംഘത്തിന്റെ ശ്രമഫലമായാണ് കേരളത്തിലെ ക്ഷേത്ര എഴുന്നള്ളിപ്പുകളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള രാമചന്ദ്രനെ അങ്ങാടിപ്പുറത്തേക്ക് എത്തിക്കാൻ കഴിഞ്ഞത്.
പത്താം പൂരദിവസത്തെ ആറാട്ടിന് രാമന്റെ ശിരസ്സിലേറിയാണ് ഭഗവതി എഴുന്നള്ളിയത്. രാവിലെയുള്ള ആറാട്ടിന് രാമന്റെ ശിരസ്സിൽ തിടമ്പേറ്റിതോടെ ഉയർന്ന പുരുഷാരവം മതി ആ കാത്തിരിപ്പിന്റെ വിലയറിയാൻ.രാമചന്ദ്രനെ കൂടാതെ ഗുരുവായൂർ നന്ദൻ, ജൂനിയർ മാധവൻകുട്ടി, ദാമോദർ ദാസ്, വിഷ്ണു എന്നീ ആനകൾ കൂട്ടാനകളായി ഉണ്ടായിരുന്നു. വൈകീട്ട് പള്ളിവേട്ടയ്ക്കു തെക്കോട്ടിറക്കത്തിനും തുടർന്നുള്ള ആറാട്ടിനും ശേഷം രാമൻ മടങ്ങിയത്.
വ്യാഴം വൈകീട്ട് അങ്ങാടിപ്പുറത്തെത്തിയ രാമന് പൂരപ്പറമ്പിൽ വച്ച് ഗംഭീര സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെന്ന കൊമ്പനായിരുന്നു പത്താം പൂരം എഴുന്നള്ളിപ്പിന്റെ ആകര്‍ഷണം. ‘ഛത്രപദി ‘സ്ഥാനം അലങ്കരിക്കുന്ന രാമചന്ദ്രന്‍ ആദ്യമായാണ് തിരുമാന്ധാംകുന്ന് പൂരം എഴുന്നള്ളിപ്പില്‍ പങ്കെടുക്കുന്നത്. ഭഗവതിയുടെ 19-ാമത്തെ ആറാട്ടെഴുന്നള്ളിപ്പിലും പള്ളിവേട്ട എഴുന്നള്ളിപ്പിലും രാമചന്ദ്രന്റെ ആനച്ചന്തം ഗാംഭീര്യം പകര്‍ന്നു. അങ്ങാടിപ്പുറം തട്ടകം ആനപ്രേമി കൂട്ടായ്മയുടെ സമര്‍പ്പണമായാണ് രാമചന്ദ്രനെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here