നീറ്റ് മെഡിക്കൽ പ്രവേശനപരീക്ഷ മെയ് 5ന്; അറിയേണ്ട കാര്യങ്ങൾ
നീറ്റ് (നാഷണൽ എലിജബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷ മെയ് 5 ന് ഞായറാഴ്ച നടക്കുകയാണ്. മികച്ച വിജയം നേടാൻ പഠനത്തിനപ്പുറം ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രത്യേകിച്ച് പരീക്ഷയ്ക്കു മുമ്പുള്ള ദിവസവും പരീക്ഷാ ദിവസവും.
♦പരീക്ഷയ്ക്കു മുമ്പ്, പരീക്ഷാകേന്ദ്രത്തെപ്പറ്റി കൃത്യമായ ധാരണ രൂപപ്പെടുത്തണം. താമസസ്ഥലത്തു നിന്ന് അവിടെയെത്താനുള്ള വഴി, യാത്രാരീതി, സമയം, റൂട്ടിന്റെ രണ്ടാം ഓപ്ഷൻ എന്നിവയൊക്കെ മനസ്സിലാക്കണം. കഴിയുമെങ്കിൽ തലേദിവസം അവിടം സന്ദർശിക്കുക. ദൂരക്കൂടുതലുണ്ടെങ്കിൽ തലേദിവസം തന്നെ സ്ഥലത്തുവന്നു താമസിക്കുക.
♦നീറ്റിൽ പരീക്ഷാസമയത്തിന് അരമണിക്കൂറിനു മുമ്പുവരെമാത്രമേ പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കൂ.
♦പരീക്ഷാ ഹാളിലേക്ക് അനുവദനീയമായ സാമഗ്രികൾ തലേദിവസംതന്നെ അടുക്കിവെക്കുക. പരീക്ഷയ്ക്ക് അഡ്മിറ്റ് കാർഡ് നിർബന്ധമാണ്. ഇതുകൂടാതെ അനുവദനീയമായ സാമഗ്രികൾ ഏതൊക്കെയെന്ന് അഡ്മിറ്റ് കാർഡ്/പ്രോസ്പക്ടസ് എന്നിവയിൽ വ്യക്തമാക്കിയിരിക്കും. അവമാത്രം കൊണ്ടുപോവുക.
♦നീറ്റിന് ഡ്രസ് കോഡ് ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ ബ്രോഷറിൽ നൽകിയ വിവരങ്ങൾ കൃത്യമായി വായിച്ച് മനസ്സിലാക്കണം. ഹാഫ് സ്ലീവ്സോടെയുള്ള ലൈറ്റ് വസ്ത്രങ്ങൾ ഉപയോഗിക്കുക. ഫുൾസ്ലീവ്സ് പറ്റില്ല. സ്ലിപ്പർ, താഴ്ന്ന ഹീലുള്ള സാൻഡൽ എന്നിവ ആകാം. ഷൂ അനുവദനീയമല്ല. വാച്ച്/റിസ്റ്റ് വാച്ച്, ബൽട്ട്, ബ്രേസ്ലറ്റ്, ഓർണമെന്റ്സ് എന്നിയൊന്നും ധരിക്കരുത്. ആചാരപരമായ വസ്ത്രധാരണംനടത്തി വരുന്നവർ 12.30-നകം കേന്ദ്രത്തിൽ എത്തണം.
♦ഹാളിലേക്കു കടക്കുന്നതിനുമുമ്പ് നന്നായി പഠിച്ച പാഠഭാഗങ്ങൾ ഒരാവർത്തികൂടി വായിക്കുക. ഈ സമയം പുതിയ ഒരു ടോപ്പിക് പഠിക്കാൻ ശ്രമിക്കരുത്. അതുപോലെ മറ്റുള്ളവരുമായി, പഠിച്ച/പഠിക്കാൻ കഴിയാതെപോയ വിഷയങ്ങൾ ചർച്ച ചെയ്യരുത്.
♦നീറ്റിൽ പേന അനുവദിക്കില്ല. പരീക്ഷാകേന്ദ്രത്തിൽനിന്നു തരുന്ന പേനയാണ് ഉപയോഗിക്കേണ്ടത്. അഡ്മിറ്റ് കാർഡിൽ ഒട്ടിക്കുന്ന ഫോട്ടോയ്ക്കുപുറമേ അതിന്റെ ഒരു കോപ്പി (അറ്റൻഡൻസ് ഷീറ്റിൽ ഒട്ടിക്കാൻ), സാധുവായ തിരിച്ചറിയൽ കാർഡ് (ഒറിജിൽതന്നെ വേണം) എന്നിവയും നീറ്റിനു പോകുമ്പോൾ കൊണ്ടുപോകണം. പാൻ കാർഡ്/ഡ്രൈവിങ് ലൈസൻസ്/വോട്ടർ ഐ.ഡി./പാസ്പോർട്/ആധാർ കാർഡ് എന്നിവയിലൊന്നാകാം.
♦ഇൻവിജിലേറ്റർ നൽകിയേക്കാവുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുക. ചോദ്യ ലഘു പുസ്തകത്തിലും ഉത്തരക്കടലാസിലുമുള്ള നിർദേശങ്ങൾ വായിച്ചുമനസ്സിലാക്കുക. നിർദേശങ്ങൾ പാലിക്കുക.
♦ലഭിക്കുന്ന ചോദ്യ ലഘുപുസ്തകവും ഉത്തരക്കടലാസും ഒരേ വെർഷൻ ആണെന്ന് തുടക്കത്തിൽത്തന്നെ ഉറപ്പിക്കുക. അപാകം ഉണ്ടെങ്കിൽ ഉടൻ മാറ്റിവാങ്ങുക.
♦ഉത്തരങ്ങൾ അന്തിമമായി തീരുമാനിച്ചശേഷമേ മാർക്കുചെയ്യാവൂ. സമയം പൂർണമായും ഫലപ്രദമായും പ്രയോജനപ്പെടുത്തുക. ലളിതമെന്നു തോന്നുന്ന ചോദ്യങ്ങൾക്ക് ആദ്യറൗണ്ടിൽ ഉത്തരംനൽകുക. രണ്ടാംവട്ടത്തിൽ അല്പം കഠിനമായവയിലേക്കും തുടർന്ന് കൂടുതൽ ബുദ്ധിമുട്ടുള്ളവയിലേക്കും തിരിയുക. ഒരു ചോദ്യത്തിലും ഒരുപാടുസമയം ചെലവഴിക്കരുത്. ഉത്തരംകണ്ടെത്താൻ ബുദ്ധിമുട്ടു തോന്നുന്നപക്ഷം, തത്കാലം ആ ചോദ്യം വിട്ട് അടുത്തതിലേക്കു കടക്കുക. സമയം കിട്ടുന്നപക്ഷം, പിന്നീട് അതിലേക്കു തിരികെവരാം.
♦ചോദ്യങ്ങൾ ഇപ്രകാരം ഒഴിവാക്കി മുന്നോട്ടു പോകുമ്പോൾ, ഉത്തരങ്ങൾ രേഖപ്പെടുത്തുന്നത് ശരിയായ ചോദ്യനമ്പറിനു നേരെയാണെന്ന് ഉറപ്പുവരുത്തണം. തിരക്കിനിടയിൽ ചോദ്യ നമ്പർ മാറിപ്പോകാൻ സാധ്യത കൂടുതലാണ്.
♦സിലബസ് പൂർണമായും പഠിക്കുന്നതിനൊപ്പം, ആത്മവിശ്വാസത്തോടെ, ശാന്തമായ മനസ്സോടെ പരീക്ഷ എഴുതേണ്ടതും മികച്ച സ്കോറിന് ആവശ്യമാണെന്ന് ഓർക്കുക.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here