ചാവേർത്തറയെ സംരക്ഷിക്കാൻ 30 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി ദേവസ്വം സർക്കാരിനു സമർപ്പിച്ചു
അങ്ങാടിപ്പുറം: ചരിത്രമുറങ്ങുന്ന ചാവേർത്തറയെ ടൂറിസം പദ്ധതിയിലുൾപ്പെടുത്തി ചരിത്ര സ്‍മാരകമാക്കി സംരക്ഷിക്കാൻ തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്ര ദേവസ്വം 30 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി സർക്കാരിനു സമർപ്പിച്ചു. 1,100 ചതുരശ്ര അടി വരുന്ന ചാവേർത്തറ ടൈൽ പതിച്ചു മനോഹരമാക്കുക, മേൽക്കൂര നിർമിക്കുക, ദേശീയപാതയിൽനിന്ന് 110 മീറ്റർ ദൂരത്തിൽ അപ്രോച്ച് റോഡ് നിർമിക്കുക, സന്ദർശകർക്ക് ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയവയാണ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ സി.സി.ദിനേശ് സമർപ്പിച്ച പദ്ധതിയിലുള്ളത്.
ചവേർത്തറ സ്‍മൃതിമണ്ഡപം എന്ന പേരിൽ പിൽഗ്രിം ടൂറിസം പദ്ധതിയിലുൾപ്പെടുത്തി സംരക്ഷിക്കാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. സർക്കാർ പദ്ധതി പരിഗണിക്കുന്നതിനായി ടൂറിസം വകുപ്പിന് കൈമാറിയിട്ടുണ്ട്.
ചാവേർത്തറ
തിരുനാവായ മണപ്പുറത്ത് 12 വർഷം കൂടുമ്പോൾ നടന്നിരുന്ന മാമാങ്കത്തിന് കേരളത്തിന്റെ രക്ഷാപുരുഷനായി അവരോധിക്കപ്പെട്ട വെള്ളാട്ടിരിയുടെ എഴുന്നള്ളിപ്പ് പുറപ്പാട് ഈ തറയിൽ നിന്നായിരുന്നു.മണിത്തറ എന്നും ചാവേർത്തറ എന്നും വിളിക്കുന്ന ഇവിടെ വച്ചായിരുന്നു വെള്ളാട്ടിരി വിശേഷാവസരങ്ങളിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്‍തിരുന്നത്.
മാമാങ്കത്തിനു പോകാനായി നിയോഗിക്കപ്പെടുന്ന യോദ്ധാക്കൾ ക്ഷേത്രത്തിൽ 41 ദിവസം ഭജനമിരുന്ന് തിരുനെല്ലിയിൽ ചെന്ന് പിണ്ഡം വച്ചു മടങ്ങി ദേവിയുടെ അനുഗ്രഹം വാങ്ങി പുതുമന അമ്മയുടെ ഉരുളച്ചോറുണ്ട് ഇവിടെ നിന്നാണ് തിരുനാവായയ്ക്കു പുറപ്പെട്ടിരുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here