തിരൂരിൽ ട്രാൻസ്ജെൻഡേഴ്സിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ
തിരൂർ: കാറിൽ കയറ്റിക്കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞ രണ്ട് ട്രാൻസ്െജൻഡേഴ്സിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേരെ തിരൂർ പോലീസ് അറസ്റ്റ്‌ചെയ്തു. യഥാർഥ പ്രതിയെ രക്ഷിക്കാൻ പ്രതിയാണെന്നുപറഞ്ഞ് പോലീസിനെ കബളിപ്പിച്ച് കീഴടങ്ങിയയാൾ ഉൾപ്പെടെയാണ് അറസ്റ്റിലായത്. തിരൂർ ബി.പി. അങ്ങാടി വള്ളിയേങ്ങൽ മുഹമ്മദ് ഷമീർ (37), ബി.പി. അങ്ങാടി പടാട്ടിൽ രതീഷ് (33), പ്രതിയായ ഷമീറിനെ രക്ഷിക്കാൻ ആൾമാറാട്ടം നടത്തിയ കൽപ്പകഞ്ചേരി പാറമ്മൽ മാട്ടുമ്മൽ രഞ്ജിത്ത് (30) എന്നിവരാണ് പിടിയിലാവർ.
മുഹമ്മദ് ഷമീറിന് ഗൾഫിലേക്ക് പോകേണ്ടതിനാൽ രഞ്ജിത്ത് ഷമീറിന്റെ കുറ്റം ഏറ്റെടുത്ത് രതീഷിനൊപ്പം തിങ്കളാഴ്ച പോലീസിൽ കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂടുതൽ ചോദ്യംചെയ്തതിലും ട്രാൻസ്ജെൻഡേഴ്സ് സംശയം പ്രകടിപ്പിക്കുകയും ചെയ്തതോടെയും രഞ്ജിത്ത് വ്യാജ പ്രതിയാണെന്നു കണ്ടെത്തുകയും രഞ്ജിത്തിന്റെ മൊഴിപ്രകാരം മുഹമ്മദ്ഷമീറിനെയും അറസ്റ്റ്‌ചെയ്യുകയായിരുന്നു. പ്രതികളെ തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. സംഭവത്തിൽ ഒരു പ്രതിയെക്കൂടി പിടികിട്ടാനുണ്ട്. കൈയ്ക്ക് പരിക്കേറ്റ ഇയാൾ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ രണ്ടിന് തിരൂർ ടൗൺഹാളിന് സമീപംവെച്ചാണ് ട്രാൻസ്െജൻഡറുകളായ അമ്മു (27), മൃദുല (40) എന്നിവരെ കാറിലെത്തിയ സംഘം കുത്തിപ്പരിക്കേൽപ്പിച്ചത്. ചുവന്ന സ്വിഫ്റ്റ് കാറിൽ എത്തിയ മൂന്നുപേർ റോഡരികിൽ നിൽക്കുകയായിരുന്ന അമ്മുവിനോടും മൃദുലയോടും കാറിൽ കയറാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും വഴങ്ങിയില്ല. ഇതേത്തുടർന്നായിരുന്നു ആക്രമണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here