മാലാപറമ്പില്‍ മാലിന്യം തള്ളല്‍: മൂന്ന് പേര്‍ അറസ്റ്റില്‍
ഓണപ്പുട: മാലാപറമ്പ് എം.ഇ.എസ്. മെഡിക്കല്‍ കോളേജിന് സമീപത്തെ പറമ്പിലും പരിസരപ്രദേശങ്ങളിലും കോഴിമാലിന്യം തള്ളിയ മൂന്നുപേരെ കൊളത്തൂര്‍ പോലീസ് അറസ്റ്റുചെയ്തു.
വറ്റല്ലൂര്‍ ചക്കരത്തൊടി കക്കേങ്ങല്‍ മുഹമ്മദ് അഷ്‌റഫ്(45), മഞ്ചേരി പയ്യനാട് സ്വദേശികളായ കൊല്ലംപറമ്പില്‍ ആഷിഖ്(34), വെള്ളിലാംകുന്ന് സിറാജുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം മാലാപറമ്പ് ബധിര വിദ്യാലയത്തിന് സമീപം കോഴിമാലിന്യവും കക്കൂസ്മാലിന്യങ്ങളും തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പ്രദേശത്ത് കാവലേര്‍പ്പെടുത്തി.
രാത്രി രണ്ടോടെ വാഹനങ്ങള്‍ പോകുന്നത് കണ്ട് പിന്തുടരുകയായിരുന്നു. മാലിന്യം തള്ളാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ തടയുകയും വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ പിടികൂടുകയുമായിരുന്നു. മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. ഇതിനിടെ ചിലര്‍ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. ഒന്നാം പ്രതിയുടെ സ്ഥലത്ത് സംസ്‌കരിക്കുന്നതിനാണ് മാലിന്യം കൊണ്ടുവന്നത്. ഇവിടെ മാലിന്യം സംസ്‌കരിക്കുന്നതിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറി കത്തുനല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അഷ്‌റഫിനും കൂട്ടാളികള്‍ക്കുമെതിരേ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കൊളത്തൂര്‍ എസ്.ഐ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here