ഡെപ്യൂട്ടി തഹസിൽദാരെ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്; ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്ത രണ്ടത്താണി, വെട്ടിച്ചിറ സ്വദേശികൾ അറസ്റ്റിൽ
തിരൂര്‍: ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായി. ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി. ചാലിബിനെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്തതിലാണ് അറസ്റ്റ്. വ്യാജ പോക്‌സോ കേസില്‍ പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് പ്രതികള്‍ ഡെപ്യൂട്ടി തഹസില്‍ദാരെ ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടത്താണി സ്വദേശികളായ ഫൈസല്‍, ഷഫീഖ്, വെട്ടിച്ചിറ സ്വദേശി അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്. വ്യാജ പോക്‌സോ കേസില്‍ പെടുത്തുമെന്ന ഭീഷണിയും പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്തതും ചൂണ്ടിക്കാട്ടി ചാലിബ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായത് എന്നായിരുന്നു ആദ്യ സംശയം. ബുധനാഴ്ച മുതലാണ് മാങ്ങാട്ടിരി പൂക്കൈത സ്വദേശിയും ഡെപ്യൂട്ടി തഹസില്‍ദാരുമായ പി.ബി. ചാലിബിനെ കാണാതായത്. രാവിലെ പതിവുപോലെ ഓഫീസിലേക്ക് പോയ ചാലിബ് ഏറെ വൈകിയിട്ടും വീട്ടിലെത്തിയില്ല. ഇതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി 12 മണിയോടെ ചാലിബ് തിരികെ വീട്ടിലെത്തുകയായിരുന്നു. മാനസിക പ്രയാസം മൂലമാണ് താന്‍ നാടുവിട്ടതെന്ന് അദ്ദേഹം ബന്ധുക്കളോട് പറഞ്ഞു. താന്‍ തിരികെ വരികയാണെന്ന് കഴിഞ്ഞ ദിവസം ചാലിബ് ഭാര്യയെ വിളിച്ച് പറഞ്ഞിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here