മദ്യപിച്ചെത്തി ഹോട്ടലിൽ അടിപിടി, പോലീസിനു നേരെ അക്രമം; വളാഞ്ചേരിയിൽ മൂന്ന് പേർ അറസ്റ്റിൽ
വളാഞ്ചേരി: മദ്യപിച്ച് ഹോട്ടലിലെത്തി തല്ലുണ്ടാക്കിയ മൂന്ന് പേർ വളാഞ്ചേരിയിൽ അറസ്റ്റിൽ. ഹോട്ടലിൽ മദ്യപിച്ച് അക്രമം അഴിച്ചുവിട്ടവരെ പിടിച്ചു മാറ്റുവാനെത്തിയ പോലീസുകാരെ മർദ്ദിച്ച മൂന്ന് പേരാണ് വളാഞ്ചേരി പോലീസീൻ്റെ പിടിയിലായത്. ആതവനാട് സ്വദേശികളായ കിഴക്കേചാലിൽ ഷംസുദ്ദീൻ (36), അധികാരത്തിൽ സുലൈമാൻ (42), കോൽക്കാട്ടിൽ സുധീർ (46) എന്നിവരെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി കോഴിക്കോട് റോഡിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിൽ ചൊവ്വാഴ്ച വൈകിട്ട് മൂന്നര മണിയോടെയാണ് സംഭവം. അമിതമായി മദ്യപിച്ച പ്രതികൾ ഹോട്ടൽ ജീവനക്കാരുമായി വാക്കേറ്റമുണ്ടാക്കുകയും തുടർന്ന് ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവരെ പിടിച്ചു മാറ്റുന്നതിനിടയിൽ മൂന്നു പ്രതികളും പോലീസിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ പോലീസ് എത്തി പ്രതികളെ ബലപ്രയോഗത്തിൽ കീഴടക്കി സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ ഹോട്ടൽ ജീവനക്കാരനും വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസുകാരനും ചികിത്സയിലാണ്. പോലീസിനെ അക്രമിച്ചതിനും ഔദ്യോഗിക ജോലി തടസ്റ്റപ്പെടുത്തിയതിനും മൂന്ന് പ്രതികൾക്കെതിരെ കേസ് രജിസ്ട്രർ ചെയ്തതായി വളാഞ്ചേരി എസ്.എച്.ഒ പി.എം ഷമീർ അറിയിച്ചു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here