നാലരകിലോ കഞ്ചാവുമായി മൂന്നു രണ്ടത്താണി സ്വദേശികൾ പിടിയിൽ
കൽപകഞ്ചേരി: ചില്ലറ കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന മൊത്ത വില്പനക്കാരായ മൂന്നുപേർ കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായി. പുത്തനത്താണി, രണ്ടത്താണി, കോട്ടയ്ക്കൽ മേഖലകളിലെ ചില്ലറ വില്പനക്കാർക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ കണ്ണികളായ രണ്ടത്താണി സ്വദേശി ഫൈസൽ (24), റഷീദ് (47), മുസ്തഫ (42) എന്നിവരെയാണ് പിടികൂടിയത്.
ആന്ധ്രയിൽനിന്നാണ് ഇവർ കഞ്ചാവ് കൊണ്ടുവരുന്നത്. ആവശ്യക്കാരെന്ന വ്യാജേന എക്സൈസ് സംഘം ഇവരെ സമീപിക്കുകയായിരുന്നു. കിലോയ്ക്ക് ഇരുപത്തിഅയ്യായിരം രൂപ കച്ചവടമുറപ്പിച്ച് എത്തിയ ഇവർ എക്സൈസ് സംഘത്തെ തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം സാഹസികമായി കീെഴ്പടുത്തുകയായിരുന്നു. ഇവരിൽനിന്ന് നാലരക്കിലോ കഞ്ചാവും പതിനേഴായിരം രൂപയും മൊബൈൽഫോണുകളും പിടിച്ചെടുത്തു. കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തിലെ പ്രധാനിയായ രണ്ടത്താണി പൂവൻചിന സ്വദേശി പെൽപ്പത്ത് വീട്ടിൽ ഇബ്രാഹിമിന്റെ മകൻ സക്കീബ് (24) എക്സൈസ് സംഘത്തെക്കണ്ട് ഓടിരക്ഷപ്പെട്ടു.
യുവാക്കളെ ഉപയോഗിച്ച് കോട്ടയ്ക്കൽ കേന്ദ്രീകരിച്ച് ജില്ലയിലേക്ക് ട്രെയിൻമാർഗം കഞ്ചാവ് കടത്തുന്നതിന് ഇരുപതോളം യുവാക്കൾ സക്കീബിന്റെ കീഴിലുണ്ട്. ഇയാൾ അഡ്മിനായ ’ഫുൾ ഒാൺ ഫുൾ പവർ’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഗ്രൂപ്പിൽനിന്നാണ് സംഘത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചത്. ഒരുമാസം മുമ്പ് കുറ്റിപ്പുറത്ത് പിടികൂടിയ 25 കിലോ കഞ്ചാവ് കേസിൽ ഇയാളുടെ പങ്ക് അന്വേഷിച്ച് വരികയാണ്. ഓടിപ്പോയ പ്രതിക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായും ഉടൻ പിടികൂടുമെന്നും എക്സൈസ് ഇൻസ്പെക്ടർ ജിജി പോൾ പറഞ്ഞു. പ്രതികളെ വടകര എൻ.ഡി.പി.എസ്. കോടതിയിൽ ഹാജരാക്കും. പ്രിവന്റീവ് ഓഫീസർമാരായ ജാഫർ, ലതീഷ്, ഷിജുമോൻ, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ ഷിബു ശങ്കർ, ഹംസ, വിഷ്ണുദാസ്, രാജീവ് കുമാർ, മിനുരാജ്, എ.വി. കണ്ണൻ, ദിവ്യ, രജിത, ശിവകുമാർ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Summary: three men from randathani caught with 4.5 kg ganja
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here