അക്ഷയ സെന്ററിന്റെ പൂട്ട് തടകർത്ത് പണവും കംപ്യൂട്ടറുകളും മോഷ്ടിച്ച സംഭവം; പുത്തനത്താണി സ്വദേശിയടക്കം മൂന്ന് യുവാക്കൾ പിടിയിൽ
തിരൂർ:അക്ഷയ സെന്ററിന്റെ പൂട്ട് തകർത്ത് പണവും കംപ്യൂട്ടറുകളും മോഷ്ടിച്ച കേസിൽ
നിരവധി മോഷണക്കേസുകളിലെ പ്രതികളായ പുത്തനത്താണി സ്വദേശി കുന്നത്ത് വളപ്പിൽ ഷമീർ (30), പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി ചാത്തോലി മുഹമ്മദ് ജാസിർ(26), വേങ്ങര സ്വദേശി വെരേങ്ങൽ സമീർ (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ ഇരുപത്തിയെട്ടാം തിയ്യതി രാത്രിയിലാണ് വണ്ടൂർ ചെറുകോട് അക്ഷയ സെന്ററിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ചു ഒരു ലക്ഷത്തോളം രൂപ വിലവരുന്ന അഞ്ച് ലാപ്ടോപ്പുകളും പണവും മോഷണം പോയത്. തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീം ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ എ.എസ്.പി എം ഹേമലത ഐ.പി.എസിന്റെ നേതൃത്വത്തിൽ വണ്ടൂർ സി.ഐ സുനിൽ പുളിക്കൽ, എസ്.ഐ അബ്ദുൽ റഷീദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സംഭവസ്ഥലത്തേയും പരിസരങ്ങളിലേയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും അടുത്തിടെ ജയിലിൽ നിന്നും പുറത്തിറങ്ങിയ ഇത്തരം കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ചും മോഷണ മുതൽ വാങ്ങുന്നവരെ കുറിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിക്കുന്നത്. തുടർന്ന് സമീറിനെ വേങ്ങരയിൽ നിന്നും ജാസിറിനേയും ഷമീറിനേയും പാണ്ടിക്കാട് വച്ചുമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുന്നത്. മോഷ്ടിച്ച ലാപ്ടോപ്പുകൾ പാണ്ടിക്കാട് ക്വാർട്ടേഴ്സിൽ നിന്നും കണ്ടെടുത്തു . ടി.വി. റിപ്പയർ ഷോപ്പിന്റെ മറവിൽ വാടക മുറിയെടുത്ത് അവിടെ വച്ചാണ് പ്രതികൾ മോഷണം ആസൂത്രണം നടത്തിയത്. പാണ്ടിക്കാട്, വണ്ടൂർ ഭാഗങ്ങളിൽ വേറെയും കടകൾ കണ്ടുവച്ചിരുന്നതായും പ്രതികൾ പറയുന്നു. പ്രതികളെ പെരിന്തൽമണ്ണ കോടതി മുമ്പാകെ ഹാജരാക്കുമെന്നും മറ്റുകേസുകളിൽ ഉൾപെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്നും വണ്ടൂർ സി ഐ സുനിൽ പുളിക്കൽ, എസ് ഐ അബ്ദുൾ റഷീദ് എന്നിവർ അറിയിച്ചു.
മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീം ഐപിഎസ്, എ.എസ്.പി. എം ഹേമലത ഐപിഎസ് എന്നിവരുടെ നേതൃത്വത്തിൽ സി.ഐ സുനിൽ പുളിക്കൽ, എസ്.ഐമാരായ രവി, അബ്ദുൾ റഷീദ്, എ.എസ്.ഐ മനോജ്, ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡിലെ ടി.ശ്രീകുമാർ, എൻ.ടി കൃഷ്ണകുമാർ, എം.മനോജ്‌കുമാർ, സിപിഒമാരായ ജയേഷ്, രഞ്ജിത്ത്, സൈബർ സെല്ലിലെ പ്രഷോദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here