കുറ്റിപ്പുറം എം.ഇ.എസ്. എൻജി.കോളേജിൽ വിദ്യാർഥികൾ ഏറ്റുമുട്ടി; സംഘർഷത്തിൽ എസ്.ഐക്ക് പരിക്ക്, മൂന്നു വിദ്യാർഥികൾ അറസ്റ്റിൽ
കുറ്റിപ്പുറം : എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ ഇരുവിഭാഗം വിദ്യാർഥികൾ ഏറ്റുമുട്ടി. സംഭവസ്ഥലത്തെത്തിയ കുറ്റിപ്പുറം എസ്.ഐ.യെ വിദ്യാർഥികൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ബുധനാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോളേജിനു പുറത്ത് ഇരുവിഭാഗം വിദ്യാർഥികൾ ഏറ്റുമുട്ടിയത്. പിന്നീട് സംഘർഷം കോളേജ് വളപ്പിലേക്കു വ്യാപിച്ചു.
ഇതിനിടയിൽ പരിക്കേറ്റ ഒരു വിദ്യാർഥിയുമായി ഒരുസംഘം വിദ്യാർഥികൾ പ്രിൻസിപ്പലിന്റെ ഓഫീസിലെത്തി. പിന്നീട് ഇവർ ഓഫീസിനകത്തെ വസ്‌തുക്കൾ അടിച്ചുതകർത്തു. ഇതോടേയാണ് എസ്.ഐ ഒ.പി. വിജയകുമാരന്റെ നേതൃത്വത്തിൽ പോലീസ് കോളേജിലെത്തിയത്. സംഘർഷത്തിലേർപ്പെട്ട വിദ്യാർഥികളെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെയാണ് ചില വിദ്യാർഥികൾ പോലീസിനെ ആക്രമിച്ചത്. എസ്.ഐ. വിജയകുമാരന്റെ കണ്ണിനു താഴെയാണു പരിക്കേറ്റത്. അദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐ.യെ ആക്രമിച്ച കേസിൽ മൂന്നു വിദ്യാർഥികൾ അറസ്റ്റിലായി. മെക്കാനിക്കൽ വിദ്യാർഥികളായ തിരുവേഗപ്പുറ കുന്നുംപുറത്ത് മുഹമ്മദ് മിസാബ് (21), കോഴിക്കോട് പാലേരി മുഫ്‌ലിഹ് (22), വേങ്ങര ഊരകം സ്വദേശി അർജുൻരാജ് (21) എന്നിവരെയാണ് സി.ഐ. പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.
പോലീസ് ലാത്തിച്ചാർജിൽ ഒട്ടേറെ വിദ്യാർഥികൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച നിരപരാധികളെയാണ് പോലീസ് അറസ്റ്റുചെയ്തതെന്ന് ഒരുവിഭാഗം വിദ്യാർഥികൾ പറയുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here