ഭൂസർവെക്ക് 14000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരൂർ താലൂക്ക് സർവേയർ പിടിയിൽ
കോട്ടക്കൽ: ഭൂസർവേ നടത്തിയശേഷം ഉടമയിൽനിന്ന‌് 14,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവേയറെ വിജിലൻസ് പിടികൂടി. കോട്ടക്കൽ ഇന്ത്യനൂർ മുളഞ്ഞിപുലാക്കൽ മുഹമ്മദ് ഹാജിയുടെ 305, 306 സർവ്വേ നമ്പരിലുള്ള രണ്ടര ഏക്കർ ഭൂമിയുടെ ആധാരം ആധാറുമായി ലിങ്ക് ചെയ്യാൻ സർവേ ചെയ്യണമെന്ന് വില്ലേജ് ഓഫീസറുടെ നിർദേശപ്രകാരമാണ് തിരൂർ താലൂക്ക് സർവേയർ വളാഞ്ചേരി വലിയകുന്ന് സ്വദേശി മേലേതിൽ ശങ്കരനാരായണൻ ഇന്ത്യനൂർ മുളഞ്ഞിപുലാക്കലിൽ എത്തിയത്. ഭൂമിയുടെ സർവെ നടത്താൻ 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുന്നു.
വിലപേശലിൽ 14,000 രൂപ നൽകാമെന്ന ഉറപ്പിൽ സർവേ നടത്തുകയുമായിരുന്നു. സ്ഥലമുടമ വിജിലൻസിന് നൽകിയ പരാതിയെത്തുടർന്ന് പരാതി പരിശോധിച്ച് ശരിയാണെന്ന് കണ്ടെത്തിയ വിജിലൻസ് സ്ഥലമുടമയുടെ 14,000 രൂപയിൽ ഫിനോഫ്തലിൻ പൗഡറിട്ട് നൽകി. ഈ തുക കൈപറ്റുന്നതിനിടയിലാണ് ശങ്കരനാരായണൻ വിജിലൻസിന്റെ പിടിയിലായതെന്ന് മലപ്പുറം വിജിലൻസ് ഡിവൈഎസ്പി എ രാമചന്ദ്രൻ പറഞ്ഞു.
ഇൻസ്പെക്ടർമാരായ മനോജ് രഫീഖ്, എസ്ഐമാരായ ശ്രീനിവാസൻ, മോഹൻദാസ് തുടങ്ങിയവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ ശങ്കരനാരായണനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here